രാജസ്ഥാനില്‍ ബിജെപിക്ക് തിരിച്ചടി; എംപി പാർട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേർന്നു

Jaihind Webdesk
Monday, March 11, 2024

 

ന്യൂഡല്‍ഹി: രാജസ്ഥാനിൽ ബിജെപി എംപി പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. ചുരുവിൽ നിന്നുള്ള ലോക്സഭാ എംപി രാഹുൽ കസ്വാനാണ് ബിജെപി വിട്ട് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ പത്ത് വർഷമായി ചുരു മണ്ഡലത്തിലെ ബിജെപി എംപിയാണ് രാഹുൽ കസ്വാൻ. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ രാഹുല്‍ കസ്വാനെ പാർട്ടിയിലേക്ക് സ്വീകരിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് രാഹുല്‍ കസ്വാന്‍ പാർട്ടി വിട്ടത്. 20 വർഷക്കാലമായി ബിജെപിയുടെ കൈവശമുണ്ടായ സീറ്റാണ് ഇത്. 2014, 2019 തിരഞ്ഞെടുപ്പുകളിലാണ് രാഹുൽ കസ്വാൻ ചുരു മണ്ഡലത്തില്‍ നിന്ന് ജയിച്ചത്. ഇതിനു മുമ്പ് 2004, 2009 വർഷങ്ങളില്‍ രാഹുല്‍ കസ്വാന്‍റെ പിതാവ് രാം സിംഗ് കസ്വാനായിരുന്നു ചുരുവില്‍ നിന്നുള്ള എംപി.

കോണ്‍ഗ്രസിനോടൊപ്പം ചേർന്ന് പ്രവർത്തിക്കാന്‍ അനുവദിച്ചതില്‍ മല്ലികാർജുന്‍ ഖാർഗെ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയ നേതാക്കെല്ലാം നന്ദി രേഖപ്പെടുത്തുന്നതായി രാഹുല്‍ കസ്വാന്‍ പറഞ്ഞു. പൊതുജീവിതത്തിലെ വലിയ തീരുമാനം എടുക്കുന്നു എന്ന് കസ്വാന്‍ സാമൂഹ്യമാധ്യമമായ എക്സില്‍ നേരത്തെ പങ്കുവെച്ചിരുന്നു.