അന്‍വറിനും സംസ്ഥാന സര്‍ക്കാരിനും തിരിച്ചടി; ക്രഷര്‍ തട്ടിപ്പ് കേസ് സിവിലാക്കിയ ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് കോടതി തള്ളി

Jaihind Webdesk
Tuesday, February 22, 2022

 

മലപ്പുറം : പി.വി അന്‍വര്‍ എംഎല്‍എയുടെ അറസ്റ്റ് ഒഴിവാക്കാന്‍ 50 ലക്ഷത്തിന്‍റെ ക്രഷര്‍ തട്ടിപ്പ് കേസ് സിവിലാക്കിയ ക്രൈം ബ്രാഞ്ച് അന്തിമ റിപ്പോര്‍ട്ട് കോടതി തള്ളി. പുനരന്വേഷണത്തിന് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. സംസ്ഥാന സര്‍ക്കാരിനും പി.വി അന്‍വര്‍ എംഎല്‍എയ്ക്കും കനത്ത തിരിച്ചടിയാണ് കോടതി ഉത്തരവ്.

പി.വി അന്‍വര്‍ കര്‍ണാടകയില്‍ ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പ്രവാസി എന്‍ജിനീയറുടെ 50 ലക്ഷം തട്ടിയെന്നതാണ് കേസ്.  സിവില്‍ സ്വഭാവമുള്ളതാണ് കേസെന്ന്  കാണിച്ച് ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളിയത്. കേസില്‍ പുനരന്വേഷണത്തിനും കോടതി ഉത്തരവിട്ടു. തട്ടിപ്പിനിരയായ മലപ്പുറം സ്വദേശി നടുത്തൊടി സലീമിനെ വഞ്ചിക്കാന്‍ പി.വി അന്‍വറിന് ഉദ്ദേശ്യമില്ലായിരുന്നെന്ന് ക്രൈം ബ്രാഞ്ചിന്‍റെ കണ്ടെത്തല്‍ ശരിയല്ലെന്ന് വ്യക്തമാക്കിയാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അന്വേഷണ റിപ്പോര്‍ട്ട് തള്ളിയത്.

ക്രഷറിന്‍റെ ഉടമസ്ഥാവകാശം പി.വി അന്‍വറിനാണെന്ന് തെളിയിക്കുന്നതടക്കമുള്ള ഒരു രേഖകളും ഹാജരാക്കാന്‍ ക്രൈം ബ്രാഞ്ചിന് കഴിഞ്ഞില്ലെന്നും കോടതി വിലയിരുത്തി. പി.വി അന്‍വര്‍ എംഎല്‍എ പ്രഥമദൃഷ്ട്യാ വഞ്ചന നടത്തിയതായി നേരത്തെ കോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയാണ് ഒടുവില്‍ കേസ് സിവില്‍ സ്വഭാവമുള്ളതെന്ന് മലക്കംമറിഞ്ഞ് അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസില്‍ എംഎല്‍എയെ ചോദ്യം ചെയ്യാന്‍പോലും തയാറാകാതെ സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ടാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ടേറ്റ് തള്ളി പുനരന്വേഷണത്തിന് ഉത്തരവിട്ടത്.

സംസ്ഥാന സര്‍ക്കാരിനും പി.വി അന്‍വര്‍ എംഎല്‍എയ്ക്കും കനത്ത തിരിച്ചടിയാണ് കോടതി ഉത്തരവ്. വഞ്ചനാകുറ്റത്തിന് ഐപിസി 420 പ്രകാരം ജാമ്യമില്ലാവകുപ്പില്‍ ഏഴു വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് അന്‍വറിനെതിരെ ചുമത്തിയിരുന്നത്. കേസില്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യേണ്ടിവരുമെന്ന ഘട്ടത്തിലാണ് ക്രൈം ബ്രാഞ്ച്, കേസിന് സിവില്‍ സ്വഭാവമെന്ന് റിപ്പോര്‍ട്ട് നല്‍കിയത്. എംഎല്‍എ ഉന്നയിക്കാത്ത വാദം പോലും ഉയര്‍ത്തിയാണ് ക്രൈം ബ്രാഞ്ച് അദ്ദേഹത്തെ സംരക്ഷിക്കാന്‍ ശ്രമിച്ചത്. കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടതോടെ പൊളിയുന്നത് എംഎല്‍എയെ അറസ്റ്റില്‍ നിന്നും രക്ഷിക്കാനുള്ള സർക്കാർ നീക്കമാണ്.