സിബിഐ കേസില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി; അലോക് വര്‍മ്മയെ മാറ്റാനാകില്ല

Jaihind Webdesk
Tuesday, January 8, 2019

Alok-Verma-SC

സിബിഐ കേസില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി. അലോക് വര്‍മ്മയെ മാറ്റാനാകില്ലെന്ന് സുപ്രീംകോടതി. സി.ബി.ഐ ഡയറക്ടറായി അലോക് വര്‍മ്മയെ വീണ്ടും നിയോഗിച്ചു.  സി.ബി.ഐ ഡയറക്ടർ സ്ഥാനത്തു നിന്ന് നീക്കിയതിനെതിരെ അലോക് വർമ നൽകിയ ഹർജിയിലാണ്  സുപ്രീം കോടതി വിധി.

ഒക്ടോബര്‍ 23ന് അർധരാത്രി അപ്രതീക്ഷിതമായി സി.ബി.ഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് അലോക് വർമയെ മാറ്റി നിർത്തിയത് വലിയ രാഷ്ട്രീയവിവാദങ്ങൾക്കായിരുന്നു വഴിവെച്ചത്.   രണ്ടു വർഷത്തെ കാലാവധിയുള്ളപ്പോൾ അർധരാത്രി ഇറക്കിയ ഉത്തരവിലൂടെ തന്നെ മാറ്റിയതിനെതിരെയാണ് അലോക് വർമ കോടതിയിലെത്തിയത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം ജോസഫ് എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്‍റെ വിധി ചീഫ് ജസ്റ്റിസ് അവധിയില്‍ ആയതിനെതുടര്‍ന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ ആണ് പ്രസ്താവിച്ചത്.

സി.ബി.ഐ ഡയറക്ടറായിരുന്ന അലോക് വർമയും ഉപ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് ഇരുവരെയും ചുമതലകളിൽ നിന്ന് കേന്ദ്ര സർക്കാർ നീക്കിയത്. ഈ നടപടി സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അലോക് വർമയുടെ ഹർജി. അലോക് വർമക്കെതിരെ രാകേഷ് അസ്താന നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ സി.വി.സി അതിന്‍റെ റിപ്പോർട്ട് കോടതിയിൽ നൽകിയിരുന്നു. അലോക് വർമ്മക്ക് ക്ലീൻ ചിറ്റ് നൽകാതെയുളള റിപ്പോർട്ടാണ് സി.വി.സി നൽകിയത്. സി.ബി.ഐ ഡയറക്ടറെ മാറ്റിയത് റഫാൽ ഇടപാടിലെ അന്വേഷണം അട്ടിമറിക്കാനാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. ലോക്സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. എന്തായാലും കേന്ദ്രസര്‍ക്കാരിനും മോദിയ്ക്കും ഈ വിധി തിരിച്ചടിയാണ്.

See Also : ഒരു തത്ത റാഫേല്‍ ഫയലിന് മീതെ പറക്കാന്‍ തുടങ്ങിയപ്പോള്‍ സംഭവിച്ചത്