ഒരു തത്ത റാഫേല്‍ ഫയലിന് മീതെ പറക്കാന്‍ തുടങ്ങിയപ്പോള്‍ സംഭവിച്ചത്

B.S. Shiju
Wednesday, October 24, 2018

സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മയെ അര്‍ദ്ധരാത്രി എന്തിനാണ് തല്‍സ്ഥാനത്ത് നിന്ന് മാറ്റിയത്.  സിബിഐ ആസ്ഥാനത്തെ ഉള്‍പ്പോര് മാത്രമായിരുന്നില്ല കാരണം എന്നാണ് പുറത്ത് കാറ്റായി പ്രചരിക്കുന്ന വാര്‍ത്തകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെയും അടുത്ത ആളാണ് സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന.  അസ്താനയും വര്‍മ്മയും തമ്മിലുള്ള പോരില്‍ അസ്താനയ്ക്കായിരുന്നു മോദിയുടെയും ഷായുടെയും പിന്തുണ ഒപ്പം വിവാദമായ റഫേല്‍ ഇടപാടും അലോക് കുമാര്‍ വര്‍മയുടെ സ്ഥാനചലനത്തിന് കാരണമായി. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തോട് റഫേല്‍ ഇടപാട് സംബന്ധിച്ച ഫയലുകള്‍ വര്‍മ ആവശ്യപ്പെട്ടത് മോദിയെ ക്ഷുഭിതനാക്കി. ഇതേത്തുടര്‍ന്നാണ് അര്‍ദ്ധരാത്രി വര്‍മയെ സിബിഐയുടെ ആസ്ഥാനത്ത് നിന്നും തെറിപ്പിച്ചത്.

അഴിമതി ആരോപണത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന രാകേഷ് അസ്താനയുടെ  പല വഴിവിട്ട ഇടപാടുകളിലും തെളിവുകള്‍ സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മയ്ക്ക് ലഭിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം പ്രധാനമന്ത്രിയെ ധരിപ്പിച്ചുവെന്നാണ് അറിയുന്നത്. എന്നാല്‍ അസ്താനയ്ക്ക് അനുകൂലമായ സമീപനമായിരുന്നു പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് പിന്നാമ്പുറകഥകള്‍. സിബിഐ ഉന്നതതലങ്ങളിലെ അഴിച്ചുപണിയ്ക്ക് ശേഷം വ്യാപകമായ കൂട്ടസ്ഥലം മാറ്റവും തുടങ്ങിയിട്ടുണ്ട്. അതേസമയം, നടപടിക്കെതിരെ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മ സുപ്രീംകോടതിയെ സമീപിച്ചത് കേന്ദ്രസര്‍ക്കാരിന് വീണ്ടും തിരിച്ചടിയായി.

കേസ് സുപ്രീംകോടതി മറ്റന്നാള്‍ പരിഗണിക്കും.  സിബിഐ ഉന്നതർക്കിടിയിലെ തർക്കം സർക്കാരിനു തലവേദനയായതോടെ പ്രശ്നപരിഹാരത്തിനുള്ള തീവ്രശ്രമത്തിലായിരുന്നു കേന്ദ്ര സർക്കാർ. ഒരുപടി കൂടി കടന്ന് അലോക് വർമ അസ്താനയെ സസ്പെൻഡ് ചെയ്തേക്കുമെന്ന സൂചനകളും ഉണ്ടായിരുന്നു. അതോടെയാണ് വര്‍മയെ പുറത്താക്കിക്കൊണ്ടുള്ള നടപടികള്‍ അര്‍ദ്ധരാത്രിയില്‍ തന്നെ നടത്തിയത്.

അസ്താനയെ സംരക്ഷിക്കാനും റഫേല്‍ ഇടപാട് സംബന്ധിച്ച ഫയലുകള്‍ ആവശ്യപ്പെട്ടതും കേസില്‍ തങ്ങള്‍ക്ക് നല്‍കിയ പിന്തുണയുമാകാം അലോക് കുമാര്‍ വര്‍മയ്ക്ക് പുറത്തേയ്ക്കുള്ള വഴിതെളിച്ചതെന്ന് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.