തലശേരി-മാഹി ബൈപ്പാസിലെ സർവീസ് റോഡുകള്‍ അടച്ചിട്ടു; വലഞ്ഞ് യാത്രക്കാരും നാട്ടുകാരും; അടിയന്തര പരിഹാരം വേണമെന്ന് കോണ്‍ഗ്രസ്, പ്രതിഷേധം

Jaihind Webdesk
Saturday, July 20, 2024

 

കണ്ണൂർ: തലശേരി-മാഹി ബൈപ്പാസിൽ വിവിധയിടങ്ങളിൽ സർവീസ് റോഡുകൾ അടച്ചതിൽ പ്രതിഷേധം ശക്തമാവുന്നു. നെട്ടൂർ, ബാലം, കൊളശേരി, ചോനാടം എന്നിവിടങ്ങളിലാണ് ദേശീയപാതാ വിഭാഗം കോൺക്രീറ്റ് ബ്ലോക്കുകൾ കൊണ്ട് റോഡടച്ചത്. അശാസ്ത്രീയമായ നടപടിയിൽ വലഞ്ഞതാവട്ടെ യാത്രക്കാരും നാട്ടുകാരും. നാട്ടുകാരുടെ യാത്രാക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രക്ഷോഭം ആരംഭിച്ചു.

ബാലത്തിൽനിന്ന് കൊളശേരിയിലേക്ക് പോകുന്ന സർവീസ് റോഡ്, ചോനാടം- കൊളശേരി സർവീസ് റോഡിൽ കൊളശേരി കവല യിലെയും വഴി അടച്ചിരിക്കുകയാണ്.ബെപ്പാസിലൂടെ കണ്ണൂർ ഭാഗത്തുനിന്ന് കൊളശേരിയിലേക്ക് പോകേണ്ട യാത്രക്കാർ ബാലം സർവീസ് റോഡിലാണ് ഇറങ്ങേണ്ടത്. എന്നാൽ വഴിയടച്ചതിനാൽ ബാലത്തിൽനിന്ന് കൊളശേരിയിലേക്ക് പോകാനാവില്ല. ചോനാടത്ത് ഭാഗികമായാണ് സർവീസ് റോഡിൽ തടസമുണ്ടാക്കിയിട്ടുള്ളത്. ചോനാടത്തുനിന്ന് കൊളശേരി എത്തുന്നവരാവട്ടെ പലരും റോഡ് ബ്ലോക്കാക്കിയ ഇടത്തുനിന്ന് തിരിച്ചുപോവേണ്ട സ്ഥിതിയാണ്. ഇത്തരക്കാർ കൊളശേരിയിലെത്താൻ വൺവേ തെറ്റിച്ച് ചോനാടത്തുനിന്ന് സർവീസ് റോഡിൽ കയറണം. ഇതാണ് മുഴപ്പിലങ്ങാട് – അഴിയൂർ ബൈപ്പാസ് കടന്നു പോകുന്ന വിവിധ ഇടങ്ങളിലെ നാടുകാർ അനുഭവിക്കുന്ന പ്രയാസം. ഇതോടെ നാട്ടുകാരുടെ യത്രാക്ലേശം രൂക്ഷമായി തുടരുകയാണ്. തലശേരി കൊളശേരി-ബാലത്തില്‍ റോഡും എതിരെയുള്ളതുമായ സര്‍വീസ് റോഡുകള്‍ അടച്ചിട്ടതില്‍ പ്രതിഷേധിച്ച് തലശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബാലത്തില്‍, കൊളശേരി അണ്ടര്‍പാസുകളുടെ സമീപത്ത് ധര്‍ണ്ണയും വഴിതടയല്‍ സമരവും നടത്തി.

സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി റിയാസ് വിഷയത്തില്‍ ഇടപെടുക, അടച്ചിട്ട റോഡുകള്‍ തുറന്നുനല്‍കുക, വെള്ളക്കെട്ടുകള്‍ ഒഴിവാക്കാനാവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കുക, അശാസ്ത്രീയമായ റോഡ് നിര്‍മ്മാണത്തിലൂടെ ഉണ്ടായ പരാതികള്‍ ഉടൻ പരിഹരിക്കണമെന്നും കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെട്ടു. ദേശീയപാതാ അധികൃതർ കാണിക്കുന്ന അലംഭാവവും റോഡ് പൂര്‍ണ്ണമായും ടാര്‍ ചെയ്യാത്തതും കാരണം പറഞ്ഞ് വാഹനങ്ങള്‍ ബ്ലോക്ക് ചെയ്യുന്ന നടപടിയിലും പ്രതിഷേധിച്ചാണ് സമരം. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് ഈ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം.

കൊളശേരിയിലും ബാലത്തിലുമായി സര്‍വീസ് റോഡ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടു കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. ഇതിന്‍റെ പേരു പറഞ്ഞാണ് ദേശീയപാത അധികൃതര്‍ റോഡ് പ്രവൃത്തിയില്‍ നിന്നും മാറിനില്‍ക്കുന്നത്. ഇനിയങ്ങോട്ടുള്ള പ്രവൃത്തിയുടെ ഉത്തരവാദിത്തം തങ്ങള്‍ക്കില്ലെന്നാണ് ദേശീയപാത അധികൃതരുടെ നിലപാട്. പ്രശ്‌നത്തിൽ സംസ്ഥാന സർക്കാർ ഇടപെട്ട് നാട്ടുകാരുടെ യാത്രാക്ലേശത്തിന് പരിഹാരം കാണണമെന്നാണ് കോൺഗ്രസ് തലശേരി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെടുന്നത്. അല്ലെങ്കിൽ സമരം ശക്തമാക്കാനാണ് തീരുമാനം.