ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ബിജെപി മുൻ നേതാവും ജമ്മു കശ്മീര്‍ ഗവര്‍ണറുമായിരുന്ന സത്യപാൽ മാലിക്. രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വീഴ്ച സംഭവിച്ചതായ വെളിപ്പെടുത്തലാണ് ഭീകരാക്രമണം നടന്ന സമയം ജമ്മു കശ്മീര്‍ ഗവര്‍ണറുമായിരുന്ന സത്യപാൽ മാലിക് നടത്തിയിരിക്കുന്നത്.
ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മാലിക് ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. പുൽവാമ ആക്രമണത്തിനു പിന്നിൽ സുരക്ഷാ വീഴ്ചയാണെന്നും ഇക്കാര്യത്തിൽ മൗനം പാലിക്കാൻ പ്രധാനമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും നിർദ്ദേശിച്ചെന്നുമുള്ള ഗുരുതര ആരോപണവും മാലിക്ക് ഉയർത്തിയിട്ടുണ്ട്. ആക്രമണത്തിന്‍റെ പേരിൽ പാക്കിസ്ഥാനെ പഴിചാരുകയും ഇതിലൂടെ ബിജെപിക്ക് തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനുമായിരുന്നു ശ്രമമെന്ന് അതോടെ മനസ്സിലായെന്നും മാലിക്ക് പറഞ്ഞു. അതേസമയം പ്രധാനമന്ത്രിക്ക് സത്യപാല്‍ മാലിക്കിന്‍റെ പ്രസ്താവന പങ്കുവെച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തി.
“പുല്‍വാമ ആക്രമണത്തിന് കാരണം സുരക്ഷാവീഴ്ചയാണ്. ഇക്കാര്യം പുറത്തുപറയരുതെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ആവശ്യപ്പെട്ടു. പുൽവാമ ആക്രമണം സുരക്ഷാ വീഴ്ച മൂലം സംഭവിച്ചതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ധരിപ്പിച്ചെങ്കിലും, അദ്ദേഹവും ഇക്കാര്യത്തിൽ മൗനം പാലിക്കാനാണ് ആവശ്യപ്പെട്ടത്” എന്നാണ് മാലിക്ക് പറഞ്ഞത്.
2019 ഫെബ്രുവരിയിൽ പുൽവാമ ആക്രമണം നടക്കുമ്പോൾ മാലിക്കായിരുന്നു ജമ്മു കശ്മീർ ഗവർണർ. പുൽവാമ ആക്രമണത്തിൽ 40 ജവാൻമാരാണ് രക്തസാക്ഷികളായത്. പുൽവാമ ആക്രമണത്തിനു പിന്നിൽ ഇന്‍റലിജൻസിനു സംഭവിച്ച വീഴ്ചയുമുണ്ടെന്ന് മാലിക്ക് പറഞ്ഞു. ആക്രമണത്തിനായി 300 കിലോഗ്രാം ആർഡിഎക്സുമായി പാക്കിസ്ഥാനിൽനിന്നാണ് വാഹനം വന്നത്. ജമ്മു കാശ്മീരിലെ ഗ്രാമങ്ങളിലൂടെയും റോഡുകളിലൂടെയും ഈ വാഹനം 10–15 ദിവസം സഞ്ചരിച്ചെങ്കിലും ഇന്റലിജൻസ് ഏജൻസികൾക്ക് കണ്ടെത്താനായില്ലെന്ന് മാലിക്ക് ചൂണ്ടിക്കാട്ടി.
സൈനികരുടെ ഇത്രയും വലിയ സംഘം റോഡ് മാർഗം പോകാറില്ലെന്നു ചൂണ്ടിക്കാട്ടി വ്യോമ മാർഗം സഞ്ചരിക്കാൻ സിആർപിഎഫ് അനുമതി തേടിയെങ്കിലും, ആഭ്യന്തര മന്ത്രാലയം അനുവദിച്ചില്ലെന്നും മാലിക്ക് വെളിപ്പെടുത്തി. അഞ്ച് ഹെലികോപ്റ്ററുകളാണ് ആവശ്യപ്പെട്ടതെങ്കിലും നൽകാൻ മന്ത്രാലയം കൂട്ടാക്കിയില്ലെന്ന് മാലിക്ക് പറഞ്ഞു.
“The Prime Minister does not hate corruption very much.” എന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ഗുരുതരമായ വെളിപ്പെടുത്തലാണ് സത്യപാൽ മാലിക് നടത്തിയിരിക്കുന്നതെന്ന് ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് നേതാവ് സല്‍മാൻ സോസ് പറഞ്ഞു.