CPM Thalassery| സി.പി.എമ്മിനെതിരെ ഗുരുതര ആരോപണം; തലശ്ശേരിയില്‍ മരിച്ചെന്ന് വ്യാജരേഖ ചമച്ച് യുഡിഎഫ് വോട്ടുകള്‍ തള്ളാന്‍ ശ്രമം

Jaihind News Bureau
Saturday, August 23, 2025

തലശ്ശേരി: കണ്ണൂര്‍ തലശ്ശേരി മുന്‍സിപ്പാലിറ്റിയില്‍ യു.ഡി.എഫ് അനുഭാവികളായ വയോധികരുടെ വോട്ടുകള്‍ തള്ളാന്‍ സി.പി.എം ശ്രമിക്കുന്നതായി ഗുരുതരമായ ആരോപണം. വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യുന്നതിനായി സി.പി.എം പ്രവര്‍ത്തകര്‍ മരിച്ചുവെന്ന് വ്യാജ രേഖകള്‍ നല്‍കിയെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന്, നിരവധി പേര്‍ തങ്ങള്‍ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കുന്നതിനായി തിരഞ്ഞെടുപ്പ് രജിസ്ട്രാര്‍ക്ക് മുന്നില്‍ ഹാജരാകേണ്ടി വന്നു.

തലശ്ശേരി മുന്‍സിപ്പാലിറ്റിയിലെ വിവിധ വാര്‍ഡുകളിലാണ് ഈ സംഭവം വ്യാപകമായി നടക്കുന്നത്. മുനിസിപ്പാലിറ്റിയിലെ ടെമ്പിള്‍ വാര്‍ഡിലെ വയോധികരായ അറയിലകത്ത് തായലക്കണ്ടി ആയിഷ, തട്ടാന്റവിട വി.ടി. കുഞ്ഞലു എന്നിവരാണ് തങ്ങള്‍ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കുന്നതിനായി രജിസ്ട്രാര്‍ക്ക് മുമ്പാകെ ഹാജരായത്. പ്രായാധിക്യം കാരണം ബുദ്ധിമുട്ടനുഭവിക്കുന്ന ഇരുവരും ബന്ധുക്കള്‍ക്കൊപ്പമാണ് വന്നത്. ടെമ്പിള്‍ വാര്‍ഡിലെ ക്രമനമ്പര്‍ 27, 61 വോട്ടര്‍മാരാണ് ഇവര്‍.

ജീവിച്ചിരിക്കുന്ന വയോധികരുടെ വോട്ട് തള്ളാന്‍ അവര്‍ മരിച്ചുവെന്ന വ്യാജ പരാതി നല്‍കിയ തലശ്ശേരി എം.കെ. ഹൗസില്‍ ശ്രീജിത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് മുസ്ലിം ലീഗ് നേതാക്കളായ അഡ്വ. കെ.എ. ലത്തീഫും, എ.കെ. ആബൂട്ടി ഹാജിയും അറിയിച്ചു. സി.പി.എമ്മും, ബി.ജെ.പിയും വോട്ടര്‍ പട്ടികയില്‍ ആളുകളെ തിരുകിക്കയറ്റാനും ഒഴിവാക്കാനും വ്യാപകമായി ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു. ഇതിനെതിരെ ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്താന്‍ യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്.

കൂടാതെ, നഗരസഭയിലെ ഒരു കൗണ്‍സിലര്‍ക്ക് അദ്ദേഹത്തിന്റെ സ്വന്തം വാര്‍ഡിലും, പുതുതായി താമസിക്കുന്ന വാര്‍ഡിലുമായി രണ്ട് വോട്ടുകളുള്ളതായും ആരോപണം ഉയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് യു.ഡി.എഫ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. വോട്ടര്‍ പട്ടികയില്‍ ആളുകളെ തിരുകി കയറ്റാനും ഒഴിവാക്കാനും സി പി എമ്മും ബി ജെ പിയും വ്യാപകമായി ശ്രമം നടത്തുന്നതായി യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു. ഇതിനെതിരെ ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്താനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി ഇടപെടണമെന്നും, കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.