ന്യൂഡല്‍ഹി: പാർലമെന്റിൽ എടുക്കേണ്ട നിലപാടുകൾ ചർച്ച ചെയ്യാൻ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ യോഗം സോണിയാ ഗാന്ധിയുടെ വസതിയിൽ ചേർന്നു. മുതിർന്ന നേതാക്കളായ എ.കെ ആന്റണി, ഗുലാം നബി ആസാദ്, ആനന്ദ് ശർമ്മ, പി ചിദംബരം, അദിർ രഞ്ജൻ ചൗധരി, കൊടിക്കുന്നിൽ സുരേഷ് എം.പി തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തു.
കഴിഞ്ഞ ദിവസം സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലെ തീരുമാനങ്ങൾ ഗുലാം നബി ആസാദ് യോഗത്തിൽ വിശദീകരിച്ചു. ലോക്സഭാകക്ഷി നേതാവ്, ചീഫ് വിപ്പ്, ഡെപ്യൂട്ടി ചീഫ് വിപ്പ് തുടങ്ങിയവരെ തെരഞ്ഞെടുക്കുന്നതടക്കമുള്ള കാര്യങ്ങൾ ഇന്നത്തെ യോഗത്തിൽ ചർച്ചയായി. രാഹുൽ ഗാന്ധി ലോക്സഭാകക്ഷി നേതാവാകണമെന്ന് മുതിർന്ന നേതാക്കൾ യോഗത്തിൽ ആവശ്യപ്പെട്ടു.