കുട്ടികളെ സ്വാധീനിക്കാന്‍ സര്‍ക്കാര്‍ കോളേജില്‍ സെമിനാര്‍; സെമിനാർ സംഘടിപ്പിച്ചത് വീണ വിജയന്‍ മാസപ്പടി പറ്റുന്നതായി ആക്ഷേപമുള്ള സ്വകാര്യ ഏജന്‍സി

വിദേശത്തേക്ക് വിദ്യാര്‍ത്ഥികളെ കയറ്റി അയയ്ക്കുന്ന സ്വകാര്യ ഏജന്‍സിക്ക് കുട്ടികളെ സ്വാധീനിക്കാന്‍ സര്‍ക്കാര്‍ കോളേജില്‍ സെമിനാര്‍. മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി പറ്റുന്നതായി ആക്ഷേപമുള്ളതാണ് സ്വകാര്യ ഏജന്‍സി . എം ജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗമായ പ്രിന്‍സിപ്പലാണ് സെമിനാറിന് അനുമതി നല്‍കിയത്. കോളേജ് അധികൃതര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി നിവേദനം നല്‍കി.

വിദേശ സര്‍വകലാശാലകളിലേക്ക് വിദ്യാര്‍ത്ഥികളെ ഉന്നത പഠനത്തിന് കയറ്റി അയക്കുന്ന സ്വകാര്യ ഏജന്‍സിക്ക് വിദ്യാര്‍ത്ഥികളെ സ്വാധീനിക്കാന്‍ സര്‍ക്കാര്‍ കോളേജില്‍ സൗകര്യം ഒരുക്കി നല്‍കിയത് വിവാദമാകുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന്‍റെ ഉടമസ്ഥതയിലുള്ള കമ്പനി മാസപ്പടി പറ്റുന്ന സ്ഥാപനങ്ങളിലൊന്നെന്ന് ആരോപണമുള്ളതാണ് സ്വകാര്യ ഏജന്‍സി.  എറണാകുളം മഹാരാജാസ് കോളേജിലാണ് ഈ സ്വകാര്യ ഏജന്‍സിക്ക് വിദ്യാര്‍ത്ഥികളെ വിദേശ സര്‍വകലാശാലകളിലേക്ക് ആകര്‍ഷിക്കാനുള്ള സെമിനാര്‍ നടത്തുന്നതിനുള്ള അനുമതി പ്രിന്‍സിപ്പല്‍ നല്‍കിയത്. ഉദ്യോഗത്തിനുള്ള പ്ലേസ്‌മെന്‍റുകള്‍ക്ക് മാത്രമാണ് പുറമെ നിന്നുള്ള ഏജന്‍സികള്‍ക്ക് കോളേജിനുള്ളില്‍ സാധാരണ അനുമതി നല്‍കാറുള്ളത്.

മഹാരാജാസ് കോളേജും സ്വകാര്യ ഏജന്‍സിയും സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. കോളേജിന്‍റെ ഔദ്യോഗിക എംബ്ലം പതിച്ച ക്ഷണകത്തും പ്രസിദ്ധീകരിച്ചിരുന്നു. സാന്‍റോ മോണിക്ക എന്ന പ്രൈവറ്റ് ഏജന്‍സിയുടെ ഡയറക്ടറെ ശ്രീ നാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ സിന്‍ഡിക്കേറ്റ് അംഗമായി സര്‍ക്കാര്‍ നിയമിച്ചത് വിവാദമായിരിക്കെയാണ് സെമിനാര്‍ വിവാദം കൂടി പുറത്തു വരുന്നത്.  വിദേശ വിദ്യാര്‍ത്ഥികളെ നമ്മുടെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുന്നതിന് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ ഹബ്ബ് ആയി മാറ്റുന്നതിനും, വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ വിദേശത്തേക്ക് പലായനം ചെയ്യുന്നത് തടയുന്നതിനും വേണ്ടിയുള്ള നടപടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കെയാണ് വിദ്യാര്‍ത്ഥികളെ പ്രലോഭിപ്പിച്ച് വിദേശത്തേക്ക് അയക്കാന്‍ സര്‍ക്കാര്‍ തന്നെ കൂട്ടു നില്‍ക്കുന്നത്. സെമിനാറിന് അവസരം ഒരുക്കിയ കോളേജിന്‍റെ പ്രിന്‍സിപ്പല്‍ സിപിഎം അനുകൂല കോളേജ് അധ്യാപക സംഘടനാ നേതാവും എം.ജി യൂണിവേഴ്‌സിറ്റി സിണ്ടിക്കേറ്റ് അംഗവുമാണ്. സ്വകാര്യ ഏജന്‍സിയുമായി ചേര്‍ന്ന് സെമിനാര്‍ നടത്താന്‍ ഇടയായ ദുരൂഹ നടപടിയെപറ്റി അന്വേഷണം നടത്തണമെന്നും, അനുമതി നല്‍കിയ കോളേജ് അധികൃതര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

Comments (0)
Add Comment