സ്വാശ്രയ ഫീസ് : സർക്കാരിന് തിരിച്ചടി ; ഹർജി സുപ്രീം കോടതി തള്ളി

Jaihind News Bureau
Thursday, December 17, 2020

 

ന്യൂഡല്‍ഹി : സ്വാശ്രയ മെഡിക്കൽ ഫീസുമായി ബന്ധപ്പെട്ട ഹർജിയിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി.  ഉയർന്ന ഫീസ് ഈടാക്കാൻ വഴിയൊരുക്കുന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ഫീസ് നിർണയ സമിതിക്ക് എതിരെ ഹൈക്കോടതി വിധിയിലെ പരാമർശങ്ങൾ നീക്കണം എന്ന ആവശ്യവും കോടതി തള്ളി.

ഇതോടെ ഈ അധ്യയന വർഷം സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾ കോടതിയുടെ അന്തിമ വിധിയുടെ അടിസ്ഥാനത്തിലുള്ള ഫീസ് നൽകാം എന്ന് രേഖമൂലം എഴുതി നൽകേണ്ടി വരും. ഹൈക്കോടതി വിധി സ്റ്റേ ചെയ്താൽ അനിശ്ചിതാവസ്ഥ ഉണ്ടാകുമെന്ന് ജസ്റ്റിസ് എൽ നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഹൈക്കോടതിയുടേത് ഇടക്കാല ഉത്തരവ് ആണ്. അന്തിമ ഉത്തരവ് പുറപ്പെടുവിച്ച ശേഷം അതിൽ എതിർപ്പ് ഉണ്ടെങ്കിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.