മെഡിക്കൽ പ്രവേശന നടപടികളുമായി സഹകരിക്കുമെന്ന് സ്വാശ്രയ മാനേജ്‌മെന്‍റുകൾ

Jaihind Webdesk
Tuesday, July 2, 2019

എം ബി ബി എസ് പ്രവേശന നടപടികളുമായി സഹകരിക്കുമെന്ന് സ്വാശ്രയ മാനേജ്‌മെൻറുകൾ. ഫീസ് നിർണയ സമിതി നിശ്ചയിക്കുന്ന ഫീസ് ഘടന പര്യാപ്തം അല്ലെങ്കിൽ കോടതിയെ സമീപിക്കും. ഫീസ് ഉയർത്താതെ മുന്നോട്ടു പോകാനാകില്ലെന്ന് സ്വാശ്രയ മെഡിക്കൽ മാനേജ്‌മെൻറ് പ്രതിനിധികൾ സർക്കാരിനെ അറിയിച്ചു. പുതിയ ഫീസ് ഘടന ഒരാഴ്ചക്കുള്ളിൽ നിശ്ചയിക്കും.

85 ശതമാനം സീറ്റുകളിൽ 12 ലക്ഷവും എൻ.അർ.ഐ സീറ്റുകളിൽ 30 ലക്ഷം വാർഷിക ഫീസ് വേണമെന്ന ആവശ്യമാണ് മാനേജ്‌മെന്‍റുകൾ ഉന്നയിച്ചത്. എറണാകുളത്തെ 2 മെഡിക്കൽ കോളജുകളിലെ ഉയർന്ന ഫീസ് ചൂണ്ടിക്കാട്ടിയും നഷ്ടക്കണക്കുകൾ നിരത്തിയുമാണ് ഈ ആവശ്യം മാനേജ്‌മെൻറുകൾ മുന്നോട്ട് വച്ചത്. എന്നാൽ നിശ്ചിത ശതമാനത്തിനപ്പുറം ഫീസ് വർധന പ്രായോഗികമല്ലെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. സാമ്പത്തിക പരാധീനതകൾ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ ഫീസ് നിർണയ സമിതിയെ ബോധ്യപ്പെടുത്താനും മന്ത്രി നിർദേശിച്ചു. ഫീസ് ഉയർത്തിയാൽ നിർധനരായ 10% വിദ്യാർഥികളെ സൗജന്യമായി പഠിപ്പിക്കാമെന്ന് മാനേജ്‌മെൻറ് പറഞ്ഞിരുന്നു. ക്രോസ് സബ്‌സിഡി അടക്കം ഇതിലെ നിയമപ്രശ്‌നങ്ങൾ ഫീസ് നിർണയസമിതി മായി ചർച്ചചെയ്യാനും മന്ത്രി നിർദേശിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ പുതിയ ഫീസ് നിശ്ചയിച്ച് ഉത്തരവിറക്കുമെന്നും മന്ത്രി ഉറപ്പുനൽകി. അലോട്ട്‌മെൻറ് നടപടികളുമായി ഇപ്പോൾ സഹകരിക്കാൻ ആണ് മാനേജ്‌മെൻറ് കളുടെ തീരുമാനം

കോടതി റദ്ദാക്കിയ ഫീസിന്‍റെ അടിസ്ഥാനത്തിൽ പ്രവേശന നടപടികളുമായി സർക്കാർ മുന്നോട്ടു പോവുന്നത് നിയമവഴിയിൽ സർക്കാരിന് തിരിച്ചടിയാകും. സർക്കാരുമായി സഹകരിക്കാതെ മുന്നോട്ടുപോകുന്നതിലെ നിയമപ്രശ്‌നങ്ങൾ മാനേജ്‌മെൻറുകൾക്കും വെല്ലുവിളിയാണ്..
പ്രവേശന പരീക്ഷ കമ്മീഷണറുടെ വിജ്ഞാപനത്തിൽ ഉൾപ്പെടുത്താതിരുന്ന വയനാട് ഡി.എം നെ ഒന്നാം ഘട്ട അലോട്ട്‌മെന്‍റിൽ താത്കാലികമായി ഉൾപ്പെടുത്തി.