മരടിലെ ഫ്ലാറ്റുകളിൽ നിയന്ത്രിത സ്ഫോടനം : സ്ഫോടകവസ്‌തുക്കൾ തിങ്കളാഴ്‌ച കൊച്ചിയിലെത്തിക്കും; സുരക്ഷ മുൻകരുതലുകൾ വർധിപ്പിക്കാൻ നിർദ്ദേശം

മരടിലെ ഫ്ലാറ്റുകളിൽ നിയന്ത്രിത സ്ഫോടനം നടത്തുന്നതിന് ആവശ്യമായ സ്ഫോടകവസ്‌തുക്കൾ തിങ്കളാഴ്‌ച കൊച്ചിയിലെത്തിക്കും. അതിനിടെ പൊളിച്ചുമാറ്റൽ പ്രക്രിയ തുടങ്ങുന്നതിന്‍റെ ഭാഗമായി ഉദ്യോഗസ്ഥ സംഘം ഫ്ലാറ്റുകളിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി, ആൽഫ സെറീൻ ഫ്ലാറ്റിൽ പൊളിക്കുന്നതിന് മുൻപായി സുരക്ഷ മുൻകരുതലുകൾ വർധിപ്പിക്കാൻ നിർദ്ദേശം നൽകി.

ജില്ലാ ഭരണകൂടത്തിന്‍റെ അനുമതിയോടെയായിരിക്കും സ്ഫോടകവസ്‌തുക്കൾ പൊളിച്ചു നീക്കേണ്ട ഫ്ലാറ്റുകളിൽ സ്ഥാപിക്കുന്ന നടപടികൾ പൂർത്തിയാക്കുക. നിയന്ത്രിത സ്ഫോടനത്തിന് മുമ്പ് പ്രദേശത്തെ മണ്ണിന്‍റെ ബലം പ്രാഥമികമായി പരിശോധിച്ചസ്ഫോടക വിദഗ്‌ധർ തൃപ്‌തി രേഖപെടുത്തിയിട്ടുണ്ട്. മണ്ണ് ശാസ്ത്രീയമായി പരിശോധിച്ച് സ്ഫോടക വസ്‌തുക്കൾ നിറയ്ക്കുന്നത്തിന്‍റെ അളവിൽ മാറ്റം വരുത്തണമോയെന്ന് പിന്നീട് തീരുമാനിക്കും. സ്ഫോടക വിദഗ്‌ധരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം വ്യാഴാഴ്ച മരടിലെ ഫ്ലാറ്റുകൾ സന്ദർശിച്ച് പൊളിക്കൽ നടപടികൾ വിലയിരുത്തി. ഫ്ലാറ്റുകൾ സ്ഫോടനം നടത്തുമ്പോൾ തകർന്നു വീഴുന്ന സ്ഥലങ്ങളും പരിശോധനവിധേയമാക്കി മുന്‍കരുതല്‍ നടപടികളും അവലോകനം ചെയ്തു.

3 ഫ്ലാറ്റുകളിലെ സ്ഫോടന മുന്നൊരുക്കങ്ങളിൽ പൂർണ്ണ തൃപ്തിയറിയിച്ച ഉദ്യോഗസ്ഥർ ആൽഫയിൽ മുൻകരുതൽ വർധിപ്പിക്കാൻ നിർദ്ദേശിച്ചു. ആൽഫയിൽ സ്ഫോടകവസ്തു സ്ഥാപിക്കുന്ന തൂണുകളെ പൊതിഞ്ഞുള്ള കമ്പിവലപ്പാളി നാലെണ്ണം വേണ്ടത് അഞ്ചാക്കി ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്. സ്ഫോടനത്തിലൂടെ ഫ്ലാറ്റുകള്‍ നിലം പതിക്കുമ്പോൾ ഭൂമിയിലുണ്ടാകുന്ന പ്രകമ്പനം കണക്കാക്കാന്‍ വേണ്ടിയാണ് ശാസ്ത്രീയമായി മണ്ണ് പരിശോധന നടത്തുന്നത്. സ്ഫോടന ദിവസം കുണ്ടന്നൂർ കായലിൽ ബോട്ട് യാത്ര നിരോധിക്കും. സമീപത്തെ ഇടറോഡുകൾ ഉൾപ്പടെ മുഴുവൻ റോഡുകളിലെയും വാഹന യാത്രയും നിരോധിക്കും.ആദ്യം പൊളിക്കുന്ന H2O ഫ്ലാറ്റിന് സമീപത്തുള്ള ഐഒസി പൈപ്പ് ലൈൻ വഴി ഇന്ധനം പമ്പ് ചെയ്യുന്നത് നിർത്തിവയ്ക്കും. ഈ ഭാഗത്ത്‌ പൈപ്പിനുള്ളിൽ വെള്ളം നിറയ്ക്കാൻ ഇന്ത്യൻ ഓയിൽ കോർപറേഷന് നോട്ടീസ് നൽകിയിട്ടുണ്ട്. ജനുവരി 11നും 12നുമായാണ് സ്ഫോടനം നടത്തി മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കുക

Marad Flat
Comments (0)
Add Comment