സെക്രട്ടേറിയറ്റിലെ തീപിടിത്തം : അടച്ചിട്ട ഓഫീസില്‍ രണ്ട് ജീവനക്കാരുടെ സാന്നിദ്ധ്യം; ദുരൂഹത ഏറുന്നു

സെക്രട്ടേറിയറ്റിൽ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടിത്തത്തിൽ ദുരൂഹത ഏറുകയാണ്. കൊവിഡ് ബാധയെതുടർന്ന് പൂർണമായും അടച്ചിട്ട ഓഫീസിൽ രണ്ട് ജീവനക്കാർ എങ്ങനെ എത്തി എന്നതും ചോദ്യചിഹ്നമായി നിലനിൽക്കുന്നു

കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായത് കൊവിഡ് ബാധയെ തുടർന്ന് ആരോഗ്യവിഭാഗം അടച്ചിട്ട ഓഫീസിലാണ്. രണ്ടുദിവസം അവധി നൽകിയ ഓഫീസിൽ രണ്ട് ജീവനക്കാരുടെ സാന്നിധ്യമുണ്ടായത് ദുരൂഹത വർധിപ്പിക്കുന്നു. സെക്രട്ടേറിയറ്റിലെ ചീഫ് ജോയിൻറ് പ്രോട്ടോകോൾ ഓഫീസർക്കാണ് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യവിഭാഗം തിങ്കളാഴ്ച ഉച്ചയോടെ ഈ ഭാഗങ്ങളിലെ ഓഫീസുകൾ സീൽ ചെയ്തു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ജീവനക്കാർ വരേണ്ട എന്ന് നിർദേശിക്കുകയും ചെയ്തു. എന്നാൽ, തീപിടിത്തമുണ്ടായപ്പോൾ രണ്ട് ജീവനക്കാർ അവിടെ ഉണ്ടായിരുന്നു എന്നാണ് പൊതുഭരണ വകുപ്പ് ഹൗസ് കീപ്പിങ് വിഭാഗം അഡീഷനൽ സെക്രട്ടറി പി.ഹണി പറഞ്ഞത്. എല്ലാ ജീവനക്കാർക്കും അവധി നൽകിയിട്ടും രണ്ടുപേർ എന്തിന് വന്നു എന്നത് ദുരൂഹമാണ്. അതേസമയം ഇവിടെ ഷോർട്ട് സർക്യൂട്ട് ഉണ്ടാകാൻ സാധ്യത കുറവാണെന്നും ജീവനക്കാർ പറയുന്നു. സെക്രട്ടേറിയറ്റിൽ ആറ് ഫയർമാന്മാരെ നിയോഗിച്ചിട്ടുണ്ട്. തീപിടിത്ത സമയത്ത് ആരും സ്ഥലത്ത് ഇല്ലായിരുന്നു എന്നാണ് വിവരം. രാഷ്ട്രീയ സ്വാധീനമുള്ള ജീവനക്കാരെയാണ് ഇവിടെ നിയമിച്ചതെന്നും ആക്ഷേപം ഉയരുന്നുണ്ട്.

Comments (0)
Add Comment