അങ്ങാടിയില്‍ തോറ്റതിന് ; സെക്രട്ടേറിയറ്റിലെ തീപിടിത്തത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി സർക്കാർ

 

തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ തീപിടിത്തതില്‍ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. തെറ്റായ വാര്‍ത്ത നല്‍കിയെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പരാതി നല്‍കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനം ആയി. അതേസമയം രാജ്യസഭ പാസാക്കിയ കാർഷിക ബില്ലുകൾക്ക് എതിരെ കേരളം സുപ്രീംകോടതിയെ സമീപിക്കാനും ഇന്നുചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനം എടുത്തു.

സെക്രട്ടേറിയറ്റിലെ പൊതുഭരണ വിഭാഗത്തിലെ പൊളിറ്റിക്കൽ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ നയതന്ത്രവുമായി ബന്ധപ്പെട്ട ഫയലുകൾ കത്തിനശിച്ചു എന്ന ആക്ഷേപം ഉണ്ടായിരുന്നു. ഇത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഇതോടൊപ്പം പ്രതിപക്ഷ നേതാക്കൻമാരും ആക്ഷേപം ഉന്നയിച്ചിരുന്നു. തീപിടിത്തത്തിൽ ഫയലുകൾ കത്തി നശിച്ചു എന്ന വാർത്തയും പ്രസ്താവനയും നൽകിയ എല്ലാവർക്കുമെതിരേ നിയമ നടപടി സ്വീകരിക്കാനാണ് മന്ത്രിസഭാ തീരുമാനം. ഇക്കാര്യത്തിന് എ.ജിയിൽ നിന്ന് സർക്കാർ നിയമോപദേശം തേടിയിരുന്നു. നിയമോപദേശം മന്ത്രിസഭ ചർച്ച ചെയ്ത ശേഷമാണ് തീരുമാനം.

സർക്കാരിനെതിരെ അപകീർത്തികരമായ വാർത്തകൾ കൊടുത്ത മാധ്യമങ്ങൾക്കും പ്രതിപക്ഷ നേതാക്കൾക്കുമെതിരെ നടപടി സ്വീകരിക്കാൻ ക്രിമിനൽ നടപടി ചട്ടം 199 (2) പ്രകാരം അധികാരം ഉണ്ട്. അത്തരത്തിലുള്ള നടപടി സ്വീകരിക്കാനാണ്‌ തീരുമാനം. ഇതോടൊപ്പം മാധ്യമങ്ങൾക്കെതിരെ പ്രസ് കൗൺസിലിനെ സമീപിക്കാനും കഴിയുമെന്നാണ് എ.ജിയുടെ ഉപദേശം. നടപടികൾക്കായി സംസ്ഥാന ആഭ്യന്തര സെക്രട്ടറി പി. കെ ജോസിനെ ചുമതലപ്പെടുത്താനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

അതേസമയം രാജ്യസഭ പാസാക്കിയ കാർഷിക ബില്ലുകൾക്ക് എതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കാനും മന്ത്രിസഭയോഗത്തിൽ തീരുമാനം ആയി. ബില്ലില്‍ ഭരണഘടനാ പ്രശ്നങ്ങളുണ്ടെന്ന് സര്‍ക്കാരിന് നിയമോപദേശവും ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ ആണ് സുപ്രീം കോടതിയെ സമീപിക്കാൻ സംസ്ഥാനം തീരുമാനിച്ചത്.

Comments (0)
Add Comment