ലാവലിന്‍ കേസ് പഴയ ബെഞ്ചിന് ; ജസ്റ്റിസ് യു.യു ലളിത് കേസ് തിരിച്ചയച്ചു

Jaihind News Bureau
Monday, August 31, 2020

 

ന്യൂഡല്‍ഹി : ലാവലിൻ കേസ് ജസ്റ്റിസ് യു.യു ലളിത് പഴയ ബെഞ്ചിലേക്ക് തിരിച്ചയച്ചു. കേസ് എൻ.വി രമണയുടെ ബെഞ്ചിൽ ലിസ്റ്റ് ചെയ്യാനായി മാറ്റി. ജസ്റ്റിസുമാരായ യു.യു ലളിത്, സരണ്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചായിരുന്നു കേസ് പരിഗണിക്കേണ്ടിയിരുന്നത്. പിണറായി വിജയൻ, കെ മോഹന ചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സി.ബി.ഐയും ഹൈക്കോടതി വിധി വിവേചനപരമെന്ന് ചൂണ്ടിക്കാട്ടി പ്രതിപട്ടികയിൽ തുടരുന്ന കസ്തൂരി രംഗഅയ്യര്‍ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥരും നൽകിയ ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന് എസ്.എൻ.സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിൻ കേസിന് കാരണമായത്.

പിണറായി വിജയനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നാണ് സി.ബി.ഐയുടെ ഹര്‍ജിയിൽ പറയുന്നത്. തെളിവുകൾ ഹൈക്കോടതി വിശദമായി പരിശോധിക്കാതെയാണ് പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതെന്നും ഹര്‍ജിയിൽ പറയുന്നു.  ലാവലിൻ കേസിൽ 2017 ഒക്ടോബർ 23നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ഉള്ളവരെ കുറ്റ വിമുക്തരാക്കിക്കൊണ്ടുള്ള സി.ബി.ഐ കോടതി വിധി വന്നത്. സി.ബി.ഐ കുറ്റപത്രത്തിൽ പിണറായി വിജയൻ ഏഴാം പ്രതി ആയിരുന്നു. ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ കോടതിയിൽ നിന്ന് കഴിഞ്ഞ ദിവസമായിരുന്നു ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചിലേക്ക് കേസ് മാറ്റിയത് അതാണ് വീണ്ടും എൻ വി രമണയുടെ ബെഞ്ചിലേക്ക് അയച്ചിരിക്കുന്നത്.