‘പകൽ സിപിഎമ്മും രാത്രി എസ്ഡിപിഐയും’ ; പത്തനംതിട്ടയില്‍ ലോക്കല്‍ കമ്മിറ്റി വിഭജനത്തിനെതിരെ പാർട്ടിയില്‍ കലാപം

Jaihind News Bureau
Sunday, January 31, 2021

 

പത്തനംതിട്ട :  എസ്ഡിപിഐ ബന്ധത്തെച്ചൊല്ലി പത്തനംതിട്ട സിപിഎമ്മില്‍ വിഭാഗീയത രൂക്ഷം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താനും എസ്ഡിപിഐ സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനുമായി പ്രവർത്തിച്ച ലോക്കൽ കമ്മിറ്റിയംഗത്തെ ലോക്കൽ സെക്രട്ടറിയാക്കാനുള്ള നീക്കത്തിനെതിരെ ഒരു വിഭാഗം സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകി.

തീരുമാനത്തെ എതിർക്കുന്നവർ സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകിയതിനെ തുടർന്ന് ലോക്കൽ കമ്മിറ്റി വിഭജനം മരവിപ്പിച്ചു. പകൽ സിപിഎമ്മും രാത്രി എസ്ഡിപിഐക്കാരുമായി പ്രവർത്തിക്കുന്നവരാണ് ലോക്കൽ കമ്മിറ്റിയിലെ ഏതാനും പേരെന്നും ഇവർ ആരോപിക്കുന്നു. നഗരസഭയിലെ സിപിഎം-എസ്ഡിപിഐ ബന്ധത്തിൽ സിപിഐ ജില്ലാ നേതൃത്വവും അതൃപ്തി അറിയിച്ചു.

ജില്ലാ കമ്മിറ്റിയിലെ ഏതാനും പേരുടെ മൗനാനുവാദത്തോടെ വർഗീയശക്തിയുമായുള്ള കൂട്ടുകെട്ടാണ് പാർട്ടി പത്തനംതിട്ട നഗരസഭയിൽ എസ്ഡിപിഐയുമായും റാന്നിയിൽ ബിജെപിയുമായും നടത്തിയിരിക്കുന്നതെന്നും ഇതിനെതിരെ ശബ്ദമുയർത്തുന്നവർക്കെതിരെ പ്രതികാര മനസോടെ പെരുമാറുന്നുവെന്നും പരാതി നല്‍കിയവർ ആരോപിക്കുന്നു. വർഗീയ കക്ഷികളുമായുള്ള കൂട്ടുകെട്ട് സിപിഎമ്മിനെ ജില്ലയിൽ പ്രതിരോധത്തിലാക്കിയിരിക്കെയാണ് ഈ കൂട്ടുകെട്ടുകൾ ആയുധമാക്കി പ്രാദേശികതലത്തിലും വിഭാഗീയത രൂക്ഷമാകുന്നത്.