പ്രത്യാശയുടെ പുതുവർഷ പുലരിയിൽ വിദ്യാർത്ഥികൾ ഇന്ന് സ്‌കൂളിലേക്ക്

Jaihind News Bureau
Friday, January 1, 2021

പ്രത്യാശയുടെ പുതുവർഷ പുലരിയിൽ വിദ്യാർത്ഥികൾ ഇന്ന് സ്‌കൂളിലേക്ക്. ഒൻപതു മാസത്തെ ഇടവേളയ്ക്കു ശേഷം എസ്എസ്എൽസി, പ്ലസ്ടു ക്ലാസുകളിലെ വിദ്യാർഥികളാണ് ഇന്ന് സ്‌കൂളുകളിലെത്തുന്നത്. മാർച്ച് 17 മുതൽ 30 വരെ പൊതുപരീക്ഷ നടക്കുന്ന ക്ലാസുകളിലെ വിദ്യാർഥികൾ എന്ന നിലയിലാണ് എസ്എസ്എൽസി, പ്ലസ്ടു ക്ലാസുകളിലെ വിദ്യാർഥികളെ ബാച്ചുകളായി സ്‌കൂളുകളിലെത്തിക്കുന്നത്.

പത്താം ക്ലാസിൽ 4.25 ലക്ഷം വിദ്യാർഥികളും രണ്ടാം വർഷ ഹയർ സെക്കൻഡറിയിൽ 3.84 ലക്ഷവും വിഎച്ച്എസ്ഇയിൽ 28000 വിദ്യാർഥികളുമാണ് സ്‌കൂളുകളിലെത്തുക. സ്‌കൂളുകളിൽ ഒരേസമയം 50 ശതമാനം കുട്ടികളെ മാത്രമേ അനുവദിക്കാവൂ എന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചിട്ടുള്ളത്. 10, 12 ക്ലാസുകളിൽ 300ൽ കൂടുതൽ കുട്ടികളുള്ള സ്‌കൂളുകളിൽ ഒരേസമയം 25 ശതമാനം കുട്ടികളെ അനുവദിക്കുന്നതാണ് ഉചിതമെന്നും മാർഗനിർദേശത്തിൽ പറയുന്നു.

ആദ്യത്തെ ആഴ്ച ഒരു ബെഞ്ചിൽ ഒരു കുട്ടി എന്ന നിലയിൽ ക്ലാസുകൾ ക്രമീകരിക്കണമെന്നു വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. അതേസമയം രക്ഷിതാക്കളുടെ സമ്മതപത്രമുണ്ടെങ്കിൽ മാത്രമേ കുട്ടികളെ സ്‌കൂളിൽ പ്രവേശിപ്പിക്കൂ. വിദ്യാർഥികളെ പ്രവേശിപ്പിക്കുമ്പോൾ സ്‌കൂളുകളിൽ മാസ്‌ക്, ഡിജിറ്റൽ തെർമോമീറ്റർ, സാനിറ്റൈസർ, സോപ്പ് എന്നിവ സജ്ജീകരിക്കണമെന്നും നിർദേശമുണ്ട്. സ്‌കൂളുകളിൽ എത്തിച്ചേരാൻ കഴിയാത്ത കുട്ടികൾക്ക് സമൂഹമാധ്യമങ്ങൾ വഴി ക്ലാസുകൾ നൽകണം. കുട്ടികൾ തമ്മിൽ കുറഞ്ഞത് രണ്ടു മീറ്റർ ശാരീരിക അകലം പാലിക്കണം.

ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുന്നത് ഒഴിവാക്കണം. ഭക്ഷണം, വെള്ളം എന്നിവയും ക്ലാസിൽ ഉപയോഗിക്കുന്ന വസ്തുക്കളും പങ്കുവയ്ക്കരുത്. ക്ലാസ് മുറികളുടെ വാതിലിൻറെ കൈപ്പിടി, ഡെസ്‌ക്, ഡസ്റ്റർ എന്നിവ രണ്ടു മണിക്കൂർ കൂടുമ്പോൾ സാനിറ്റൈസ് ചെയ്യണം.

സ്‌കൂൾ വാഹനങ്ങളിലും സുരക്ഷിത അകലം നിർബന്ധമാക്കിയിട്ടുണ്ട്. വാഹനങ്ങളിൽ കയറും മുൻപ് തെർമൽ പരിശോധന നടത്തുകയും മാസ്‌ക് ധരിക്കുകയും വേണം.