മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നു; മുല്ലപ്പെരിയാർ വിഷയം ഇന്ന് സുപ്രീം കോടതിയില്‍

 

ന്യൂഡല്‍ഹി : മുല്ലപ്പെരിയാർ അണക്കെട്ട് വിഷയം സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മുന്നറിയിപ്പില്ലാതെ തമിഴ്നാട് ജലം തുറന്നുവിടുന്നുവെന്ന കേരളത്തിന്‍റെ പരാതിയിൽ ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വാദം കേൾക്കും.

അർധരാത്രിയിൽ മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിടുന്നതിൽ നിന്ന് തമിഴ്നാടിനെ വിലക്കണമെന്നാണ് കേരളം സമർപ്പിച്ച അപേക്ഷയിലെ പ്രധാന ആവശ്യം. അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിടുന്നത് തീരുമാനിക്കാന്‍ പുതിയ സമിതി രൂപീകരിക്കണമെന്ന ആവശ്യവും കേരളം മുന്നോട്ടുവെച്ചിട്ടുണ്ട്. സ്പിൽവേ ഷട്ടറുകൾ തുറക്കുന്നതിലും ഒഴുക്കേണ്ട വെള്ളത്തിന്‍റെ അളവിലും തീരുമാനമെടുക്കാൻ കേരള, തമിഴ്നാട് പ്രതിനിധികൾ അടങ്ങിയ സംയുക്ത സാങ്കേതിക ഓൺ സൈറ്റ് സമിതി രൂപീകരിക്കണം. ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്ന തരത്തിൽ മേൽനോട്ട സമിതി പ്രവർത്തിക്കണമെന്ന് കോടതി ഉത്തരവിടണമെന്ന ആവശ്യവും കേരളം ഉന്നയിച്ചിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലേയും അംഗങ്ങള്‍ ഉള്‍പ്പെടുന്നതായിരിക്കണം മേല്‍നോട്ട സമിതിയെന്ന നിര്‍ദേശവും കേരളത്തിന്‍റെ അപേക്ഷയിലുണ്ട്. ഇടക്കാല ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്ന് മേല്‍നോട്ട സമിതിയോട് നിര്‍ദേശിക്കണമെന്നും അപേക്ഷയില്‍ പറയുന്നു.

അണക്കെട്ടില്‍ നിന്ന് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നത് പതിവായതോടെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. മുന്നറിയിപ്പില്ലാതെ നടപടികള്‍ സ്വീകരിക്കരുതെന്ന് കേരളം പലതവണ ആവശ്യപ്പെട്ടിട്ടും തമിഴ്നാട് നിരസിക്കുകയാണ്. തമിഴ്നാടിന്‍റെ നടപടിക്കെതിരെ പ്രദേശവാസികള്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടതിനെ തുടർന്ന് പല വീടുകളിലും വെള്ളം കയറുകയും ജനജീവിതം ദുഷ്കരമാവുകയും ചെയ്തു. കഴിഞ്ഞ ദിവസം പെരിയാറിന്‍റെ തീരത്ത് താമസിക്കുന്നവരെ  മാറ്റി പാര്‍പ്പിക്കേണ്ടി വന്നിരുന്നു.

Comments (0)
Add Comment