ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്ന് പണം ഈടാക്കരുതെന്ന് സുപ്രീം കോടതി; യാത്ര ചെലവ് സംസ്ഥാനങ്ങൾ പങ്കിടണം; ട്രെയിനിലും ബസിലും ഭക്ഷണം ഉറപ്പ് വരുത്തണം; ഇടക്കാല ഉത്തരവ് കോണ്‍ഗ്രസ് നിലപാടിനുള്ള അംഗീകാരം

Jaihind News Bureau
Thursday, May 28, 2020

ലോക്ക് ഡൗണിൽ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി സുപ്രീം കോടതി ഇടപെടൽ. ഇവരിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ പണം ഈടാക്കരുതെന്ന് സുപ്രീം കോടതി ഉത്തരവ്. നാട്ടിലേക്ക് മടങ്ങുന്നവർക്ക് ഭക്ഷണം ഉറപ്പാക്കണം. ദുരിത പരിഹാരത്തിന് കൃത്യമായ പദ്ധതിയില്ല എന്നതാണ് യാഥാർത്ഥ്യം എന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് അശോക് ഭൂഷണിന്‍റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് കുടിയേറ്റ തൊഴിലാളി വിഷയത്തില്‍ സുപ്രധാന ഇടക്കാല വിധി പ്രസ്താവിച്ചത്.

സംസ്ഥാനങ്ങളും കേന്ദ്രവും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി എന്താണ് ചെയ്തതെന്ന് കോടതി ചോദിച്ചു. രജിസ്റ്റർ ചെയ്ത തൊഴിലാളികൾ ട്രെയിനിലോ ബസിലോ നാട്ടിലേക്ക് മടങ്ങുവെന്ന് സംസ്ഥാനങ്ങൾ ഉറപ്പ് വരുത്തണം. നടപടികളുടെ വിശദാംശങ്ങൾ പരസ്യപ്പെടുത്തണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. ഏതെങ്കിലും തൊഴിലാളികള്‍ റോഡിലൂടെ നടന്നുപോകുന്നത് കണ്ടാല്‍ അവരെ അടുത്തുള്ള ക്യാമ്പുകളിലേക്ക് മാറ്റി അവിടെനിന്നും സുരക്ഷിതമായി വീടുകളിലേക്കെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി.

ഏതു സംസ്ഥാനത്ത് നിന്നാണോ തൊഴിലാളികള്‍ പുറപ്പെടുന്നത് ആ സംസ്ഥാനം ആദ്യ ദിവസത്തെ ഭക്ഷണം ഉറപ്പാക്കണം. മറ്റ് ദിവസത്തെ ഭക്ഷണം റെയില്‍വെ ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു. അന്തർ സംസ്ഥാന തൊഴിലാളികള്‍ രജിസ്ട്രേഷന് ശേഷം നാട്ടിലേയ്ക്ക് പോകാന്‍ വൈകുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. അവരുടെ യാത്രയ്ക്ക് പണം ആവശ്യപ്പെട്ടിരുന്നോ. സംസ്ഥാനങ്ങള്‍ പണം നല്‍കുന്നുണ്ടോ എന്നും കോടതി ചോദിച്ചു. സഹായം ആവശ്യമുള്ളവർക്ക് അത് ലഭിച്ചിട്ടില്ല. സംസ്ഥാനങ്ങളും ഒന്നും ചെയ്യുന്നില്ല. ടിക്കറ്റ് നിരക്കില്‍ വ്യക്തതയില്ലെന്നും കോടതി പറഞ്ഞു. യാത്ര ഉറപ്പാകുന്നതുവരെ എല്ലാവർക്കും ഭക്ഷണവും താമസ സൗകര്യവും ഒരുക്കണമെന്നും കോടതി നിർദ്ദേശം നൽകി.

എഫ്.സി.ഐ. ഗോഡൗണുകളില്‍ ഭക്ഷ്യധാന്യം കെട്ടിക്കിടന്നിട്ടും എന്തുകൊണ്ട് തൊഴിലാളികള്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്നും കോടതി ചോദിച്ചു. എപ്പോള്‍ പോകുമെന്നതിനെക്കുറിച്ച് തൊഴിലാളികള്‍ എങ്ങനെയാണ് അറിയുന്നതെന്നും കോടതി നിരീക്ഷിച്ചു. ടിക്കറ്റിനുള്ള പണം ഏതു സംസ്ഥാനം നല്‍കും എന്നതിനെക്കുറിച്ച് കൃത്യമായ തീരുമാനം ഉണ്ടായിരിക്കണം. ഓരോ സംസ്ഥാനങ്ങള്‍ക്കും ഓരോ രീതി എന്നാണെങ്കില്‍ അത് ആശങ്കകള്‍ക്ക് ഇടയാക്കും. പണം നല്‍കാന്‍ തൊഴിലാളികളോട് പറയാന്‍ ആർക്കും സാധിക്കില്ല. ഇക്കാര്യത്തില്‍ വളരെപ്പെട്ടെന്ന് ഒരു തീരുമാനത്തില്‍ എത്തേണ്ടതുണ്ടെന്നും കോടതി നിർദ്ദേശിച്ചു.

അതിഥി തൊഴിലാളികളുടെ കാര്യത്തിൽ രൂക്ഷമായ വാദപ്രതിവാദമാണ് സുപ്രീം കോടതിയിൽ നടന്നത്. കേന്ദ്രസർക്കാരും മറുപക്ഷവും ശക്തമായ വാദങ്ങൾ ഉന്നയിച്ചപ്പോൾ, പരസ്പരം കുറ്റപ്പെടുത്തിയ സമീപനം വേണ്ടെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ യഥാർത്ഥ വസ്തുതയാണ് പരിശോധിക്കപ്പെടേണ്ടതെന്നും എല്ലാ സംസ്ഥാനങ്ങളും റിപ്പോർട്ട് നൽകണമെന്നും കോടതി പറഞ്ഞു.

https://www.facebook.com/JaihindNewsChannel/videos/3155334591198605/