ശബരിമലയടക്കമുള്ള വിവിധ മതാചാരങ്ങളിലെ ലിംഗ വിവേചനവുമായി ബന്ധപ്പെട്ട് വിശാല ബഞ്ച് രൂപീകരിച്ചതിൽ അപാകതയില്ലെന്ന് സുപ്രീംകോടതി. പുന:പരിശോധന ഹർജികളും അതിലെ നിയമപ്രശ്നങ്ങളും വിശാല ബെഞ്ചിന് വിടാൻ കോടതിക്ക് അധികാരമുണ്ട്. സമ്പൂർണ്ണ നീതി ഉറപ്പാക്കാൻ വിശാല ബഞ്ച് രൂപീകരിക്കാം. ഇത് ഭരണ ഘടനയുടെ 142ആം അനുച്ഛേദ പ്രകാരം ശരിയായ നടപടിയെന്നും വിശാല ബഞ്ച് രൂപീകരണം ശരിവച്ചത് വിശദീകരിച്ച് ഇറക്കിയ ഉത്തരവിൽ സുപ്രീംകോടതി പറഞ്ഞു. ഇത്തരം നിയമപ്രശ്നങ്ങൾ മുമ്പ് വിശാല ബെഞ്ചിന് വിട്ടതും ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്. ശബരിമല പുനഃപരിശോധനാ ഹർജികൾ പരിഗണിച്ച് മതാചാരങ്ങളിലെ ലിംഗവിവേചനം പരിശോധിക്കാൻ സുപ്രീംകോടതി വിശാല ബഞ്ച് രൂപീകരിച്ചിരുന്നു. ഇതിനെ മുതിർന്ന അഭിഭാഷകൻ ഫലി എസ് നരിമാൻ അടക്കം എതിർത്തു. എന്നാൽ ഭരണ ഘടനാ ബഞ്ച് നിലനിൽക്കുമെന്ന് കോടതി ഫെബ്രുവരിയിൽ ഉത്തരവിടുകയായിരുന്നു.