ലഖിംപുർ കൊലപാതകം ; യു.പി സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

Jaihind Webdesk
Wednesday, October 20, 2021


ലഖിംപുര്‍ ഖേരി കൊലപാതത്തില്‍ യു.പി സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. ഉത്തര്‍പ്രദേശ് പോലീസ് നടത്തുന്ന അന്വേഷണം ഒരിക്കലും അവസാനിക്കാത്ത കഥ പോലെയാകരുതെന്ന് കോടതി പറഞ്ഞു.നാല് സാക്ഷികളുടെ മൊഴി മാത്രമാണ് ഇതുവരെ രേഖപ്പെടുത്തിയതെന്നും ഇങ്ങനെ ആയാല്‍ പോയാല്‍ അന്വേഷണം എങ്ങനെ മുന്നോട്ട് പോകുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് ചോദിച്ചു.

ലംഖിപൂര്‍ ഖേരി സംഘര്‍ഷവുമായി ബന്ധപ്പെട്ടുള്ള കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് യുപി സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി വീണ്ടും സുപ്രീം കോടതി രംഗത്ത് എത്തിയത്. കേസ് അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട തല്‍സ്ഥിതി റിപ്പോര്‍ട്ടിനായി ഇന്ന് പുലര്‍ച്ചെ വരെ കാത്തിരുന്നു എന്ന് ചീഫ് ജസ്റ്റിസ് എന്‍. വി രമണ പറഞ്ഞു.സാക്ഷി മൊഴി രേഖപ്പെടുത്താന്‍ എന്തുകൊണ്ട് വൈകി എന്ന ചോദ്യമാണ് കോടതി പ്രധാനമായും ഉന്നയിച്ചത്.

കര്‍ഷകരെ കൊലപ്പെടുത്തിയ കേസില്‍ 44 സാക്ഷികളാണ് ഉള്ളത്. ഇതില്‍ നാല് പേരെ മാത്രമാണ് ക്രിമിനല്‍ നടപടി ചട്ടം 164 പ്രകാരം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി രഹസ്യ മൊഴി രേഖപെടുത്തിയതെന്ന് കോടതി ചൂണ്ടികാട്ടി. കേസ് അന്വേഷണം അവസാനിക്കാത്ത കഥപോലെയാകരുതെന്നും ചീഫ്് ജസ്റ്റിസ് എന്‍.വി രമണ പറഞ്ഞു. അടുത്ത ആഴ്ചക്കകം എല്ലാ സാക്ഷികളുടെയും രഹസ്യ മൊഴി രേഖപെടുത്താന്‍ കോടതി നിര്‍ദേശിച്ചു. സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണം. അനന്തമായി അന്വേഷണം നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.ദസറ അവധിക്ക് മുമ്പ് കേസ് പരിഗണിച്ചപ്പോള്‍ എത്രയും വേഗം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി പറഞ്ഞിരുന്നു.

എന്നാല്‍ ഇന്ന് രാവിലെ മാത്രമണ് അന്വഷണ റിപ്പോര്‍ട്ട് യുപി സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ കോടതിയില്‍ സമര്‍പ്പിച്ചത്. അവസാന നിമിഷം റിപ്പോര്‍ട്ട് കൈമാറിയതില്‍ ചീഫ് ജസ്റ്റിസ് അതൃപ്തി അറിയിച്ചു.ഈ മാസം 26 ന് കേസ് വീണ്ടും പരിഗണിക്കും..