സേവ് സിദ്ദീഖ് കാപ്പന്‍ ക്യാംപെയ്‌ന്‍ ; കെ.യു.ഡബ്ല്യു.ജെ തിങ്കളാഴ്ച കരിദിനം ആചരിക്കും

Sunday, April 25, 2021

കോഴിക്കോട് : മാധ്യമപ്രവർത്തകന്‍ സിദ്ദീഖ് കാപ്പന് സംരക്ഷണമാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ രംഗത്ത്. ഉത്തര്‍പ്രദേശ് പൊലീസിന്‍റെ തടങ്കലില്‍ കൊവിഡ് ബാധിതനായി ആശുപത്രിയില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍റെ  ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യു.ജെ) സേവ് സിദ്ദീഖ് കാപ്പന്‍ ക്യാംപെയ്‌ന്‍ ആരംഭിച്ചു. ക്യാംപെയ്‌നിന്‍റെ ഭാഗമായി കെ.യു.ഡബ്ല്യു.ജെ ആഭിമുഖ്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ തിങ്കളാഴ്ച കരിദിനം ആചരിക്കും. രാജ്ഭവനു മുന്നില്‍ ധര്‍ണ അടക്കം വിവിധ സമര പരിപാടികള്‍ വരും ദിവസങ്ങളില്‍ ആവിഷ്‌കരിക്കുമെന്ന് യൂണിയന്‍ സംസ്ഥാന പ്രസിഡന്‍റ് കെ.പി റജിയും ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷും അറിയിച്ചു.

നേരത്തെ കാപ്പന്‍ ജയിലില്‍ നരകയാതന അനുഭവിക്കുകയാണെന്ന് ഭാര്യ റൈഹാന പറഞ്ഞിരുന്നു. ജയിലില്‍ നിന്നും വീണ വീഴ്ചയില്‍ താടിയെല്ലിനു പൊട്ടലോ,  കാര്യമായ മുറിവോ ഉണ്ട്. മുഖം വേദനിച്ചിട്ട് ഭക്ഷണം ഒന്നും കഴിക്കാന്‍ പറ്റില്ല, കട്ടിലുമായി ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുന്നത് കൊണ്ട് ടോയ്‌ലറ്റില്‍ പോകാന്‍ പോലും സാധിക്കുന്നില്ലെന്നും കാപ്പന്‍ പറഞ്ഞതായി റൈഹാന ഫേസ്ബുക്കിലൂടെ അറിയിച്ചു. ഹാത്രാസ് കൂട്ടബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴാണ് സിദ്ദീഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഒക്ടോബര്‍ ഏഴിന് സിദ്ദീഖ് കാപ്പനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തുകയായിരുന്നു.