‘സേവ് ഡെമോക്രസി-സേവ് കോൺസ്റ്റിറ്റ്യൂഷൻ’; രാജ് ഭവനുകള്‍ക്ക് മുന്നില്‍ ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം

Jaihind News Bureau
Monday, July 27, 2020

 

രാജസ്ഥാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി നീക്കത്തിനെതിരെ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഇന്ന്. പിസിസികളുടെ ആഭിമുഖ്യത്തില്‍ രാജ് ഭവനുകള്‍ക്ക് മുന്നില്‍ ‘സേവ് ഡെമോക്രസി-സേവ് കോൺസ്റ്റിട്യൂഷൻ’ എന്ന പേരിലാണ് പ്രതിഷേധം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും പ്രതിഷേധ പരിപാടികള്‍.

ബിജെപി സര്‍ക്കാരിന്‍റെ രാഷ്ട്രീയ കുതിരക്കച്ചവടത്തിനെതിരായ  രാജ്യവ്യാപക പ്രതിഷേധത്തിന്‍റെ ഭാഗമായി   ‘സ്പീക്ക് ഫോർ ഡെമോക്രസി’ എന്ന പേരിൽ  സാമൂഹ്യ മാധ്യമങ്ങളിലൂടെ പാർട്ടി കഴിഞ്ഞദിവസം  ക്യാമ്പയിൻ സംഘടിപ്പിച്ചിരുന്നു. ഭരണഘടനയുടെ അടിസ്ഥാനത്തിൽ ജനങ്ങളുടെ ശബ്ദത്തോടെ ഇന്ത്യയുടെ ജനാധിപത്യം മുന്നോട്ട് പോകുമെന്ന് ക്യാമ്പയിനില്‍  രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപിയുടെ ഗുഢാലോചനയെ തകർത്ത് രാജ്യത്തെ ജനങ്ങൾ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനാധിപത്യ ധ്വംസനമാണ് കൊവിഡ് മഹാമാരിക്കിടയിലും ബിജെപി നടത്തുന്നതെന്ന് എഐസിസി  ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി പറഞ്ഞു. ജനാധിപത്യ തത്വങ്ങൾ ബിജെപി തകർക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടിയും പ്രതികരിച്ചു. കോൺഗ്രസിന്‍റെ ‘സ്പീക്ക് അപ് ഫോർ ഡെമോക്രസി’ ക്യാമ്പയിന് സമൂഹമാധ്യമങ്ങളിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്.