സൗദി യാത്രാ വിലക്ക് ഒരാഴ്ചത്തേക്ക് നീട്ടി : പുതിയ കൊവിഡ് ഭീഷണി മാറാന്‍ കാത്തിരിപ്പ് ; ഒമാന്‍ ഏര്‍പ്പെടുത്തിയ വിലക്ക് 29 ന് പിന്‍വലിക്കും ; വിദേശികള്‍ക്ക് യാത്രയ്ക്ക് സൗദിയില്‍ അനുമതി

Jaihind News Bureau
Monday, December 28, 2020

സൗദി അറേബ്യയിലേക്ക് കര, കടല്‍, വ്യോമ മാര്‍ഗങ്ങളിലൂടെ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് ഒരാഴ്ച കൂടി നീട്ടി. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ഒമാന്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഡിസംബര്‍ 29 മുതല്‍ പിന്‍വലിക്കും.

സൗദിയിലെ സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും കൂടുതല്‍ സമയം ലഭിക്കാനാണ് യാത്രാവിലക്ക് ഒരാഴ്ചത്തേക്ക് കൂടി നീട്ടിയത്. ഡിസംബര്‍ 20നാണ് സൗദിയില്‍ യാത്രാവിലക്ക് പ്രഖ്യാപിച്ചത്. വിവിധ രാജ്യങ്ങളില്‍ കൊവിഡിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ്, രാജ്യാന്തര വാണിജ്യ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. അടിയന്തര സാഹചര്യങ്ങളില്‍ മാത്രമെ വിലക്കില്‍ ഇളവ് അനുവദിക്കുകയുള്ളൂ. എന്നാല്‍, കാര്‍ഗോ സര്‍വീസുകളെയും വിതരണ ശൃംഖലകളെയും വിലക്കില്‍ നിന്ന് സൗദി ഒഴിവാക്കിയിരുന്നു.

അതേസമയ സൗദി അറേബ്യയിലെ, ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികള്‍ക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കി. സൗദി സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ രാജ്യത്തുള്ള സൗദി പൗരന്മാരല്ലാത്ത എല്ലാവരെയും, കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ അവലംബിച്ച് യാത്ര ചെയ്യിക്കാന്‍ വിമാന കമ്പനികള്‍ക്ക് അനുമതി നല്‍കിയെന്ന് സര്‍ക്കുലറില്‍ പറയുന്നു. അതേസമയം, ഒമാനില്‍, കര, കടല്‍, വ്യോമ മാര്‍ഗങ്ങളിലൂടെ ഏര്‍പ്പെടുത്തിയ വിലക്ക് ഡിസംബര്‍ 29 മുതല്‍ പിന്‍വലിക്കും. ഇതോടെ രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള വിമാന സര്‍വീസുകളും ഒമാനില്‍ പുനഃരാരംഭിക്കും.