കൊറോണ : ഏഴ് രാജ്യങ്ങള്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവെച്ച് സൗദി ; അബുദാബിയിലെത്തിയ രണ്ട് ഇറ്റാലിയിന്‍ സൈക്കിള്‍ താരങ്ങള്‍ക്ക് കൊറോണ ; ‘യു.എ.ഇ ടൂര്‍’ രാജ്യാന്തര മത്സരം സമാപനത്തിന് മുമ്പേ റദ്ദാക്കി, സവാരിക്ക് പോയവര്‍ നിരീക്ഷണത്തില്‍

B.S. Shiju
Friday, February 28, 2020

ദുബായ് :  കോവിഡ് 19 ( കൊറോണ വൈസ് ) ആശങ്കയും രോഗ ബാധിതരുടെ എണ്ണവും വര്‍ധിച്ച സാഹചര്യത്തില്‍ ചൈന ഉള്‍പ്പടെ ഏഴ് രാജ്യങ്ങള്‍ക്ക് ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ നല്‍കുന്നത് സൗദി അറേബ്യ താല്‍ക്കാലികമായി നിര്‍ത്തി. ചൈനയ്ക്ക് പുറമേ,  ഇറ്റലി, കൊറിയ, ജപ്പാന്‍, മലേഷ്യ, സിംഗപ്പൂര്‍, കസാഖിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ക്കുള്ള ഇലക്ട്രോണിക് ടൂറിസ്റ്റ് വിസകളാണ് നിര്‍ത്തിയത്. ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് മുമ്പ് അനുവദിച്ച ടൂറിസ്റ്റ് വിസകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും മന്ത്രാലയം തീരുമാനിച്ചു.

സൗദി ടൂറിസം മന്ത്രാലയമാണ് ഈ സുപ്രധാന തീരുമാനം എടുത്തതെന്ന് സൗദി വാര്‍ത്താ ഏജന്‍സി (എസ്.പി.എ) റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശ ഉംറ തീര്‍ഥാടകര്‍ക്ക് സൗദി താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയ പ്രഖ്യാപനം വന്നിരുന്നു. ഉംറയോടൊപ്പം നിര്‍വഹിക്കുന്ന മദീന സന്ദര്‍ശനവും ഇതോടൊപ്പം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതിനിടെ കുവൈത്തില്‍ മാര്‍ച്ച് ഒന്ന് മുതല്‍ 14 വരെ സ്‌കൂളുകള്‍ അടച്ചിടാന്‍ ഗവണ്‍മെന്‍റ് ഉത്തരവിട്ടിരുന്നു. ബഹനില്‍ ഫെബ്രുവരി 26 മുതല്‍ രണ്ടാഴ്ചത്തേയ്ക്ക് സ്‌കൂളുകള്‍ അവധിയാണ്.

ഇതിനിടെ യു.എ.ഇയിലെ പ്രമുഖ കായിക ഇനമായി അറിയപ്പെടുന്ന രാജ്യാന്തര സൈക്കിള്‍ മത്സരമായ ‘യു.എ.ഇ ടൂര്‍ 2020’  സംഘാകര്‍ റദ്ദാക്കി. അബുദാബി സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി സഹകരിച്ച് ഫെബ്രുവരി 23 ന് ആരംഭിച്ച് 29 വരെ നടക്കേണ്ടിയിരുന്ന സൈക്കിള്‍ മത്സരമാണ് സമാപനത്തിന് രണ്ടുദിവസം മുമ്പേ സംഘാടകര്‍ നിര്‍ത്തിച്ചത്. മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയ രണ്ട് ഇറ്റാലിയന്‍ സൈക്കിള്‍ താരങ്ങള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെയാണിത്. ഇതോടെ കൂടുതല്‍ ആശങ്ക പടരാതിരിക്കാന്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്ത മത്സരം സംഘാടകര്‍ റദ്ദാക്കുകയായിരുന്നു. അതേസമയം ടീം അംഗങ്ങളെ ഒരു ഹോട്ടലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. സൈക്കിള്‍ ഓട്ടത്തില്‍ പങ്കെടുത്തവരെല്ലാം കര്‍ശന നിരീക്ഷണത്തിലാണ്.

അതേസമയം ദുബായില്‍ നിന്നും ഷാര്‍ജയില്‍ നിന്നുമുള്ള വിമാനങ്ങള്‍ 48 മണിക്കൂര്‍ സമയത്തേക്ക് ബഹറിന്‍ നിര്‍ത്തിവെച്ച തീരുമാനം അധികൃതര്‍ വീണ്ടും നീട്ടിയതായി റിപ്പോര്‍ട്ടുകളുണ്ട്.  കൊറോണ വൈറസ് ബാധയെ തുടര്‍ന്നാണ് ബഹറിന്‍ സിവില്‍ ഏവിയേഷന്‍ വകുപ്പ് ഈ വിമാന വിലക്ക് നടപ്പാക്കിയത്. ഇറാനില്‍ നിന്നുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വിമാനത്താവളങ്ങളാണ് ദുബായിയും ഷാര്‍ജയും. അതിനാലാണ് തുടക്കത്തിലേ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതെല്ലാം ഫലത്തില്‍ ഗള്‍ഫിലെ വ്യാപാര-ടൂറിസം-വ്യോമയാന മേഖലകളെ വലിയ രീതിയില്‍ ബാധിച്ചിരിക്കുകയാണ്.