ഇന്ത്യയില്‍ കൊവിഡ് വര്‍ധിച്ചു : വിമാന സര്‍വീസ് റദ്ദാക്കി സൗദി അറേബ്യ ; പ്രവാസി മലയാളികള്‍ക്ക് വന്‍ തിരിച്ചടി ; വന്ദേഭാരത് വിമാനങ്ങളെ ബാധിക്കില്ലെന്ന്

Jaihind News Bureau
Wednesday, September 23, 2020

റിയാദ് : സൗദിയില്‍ നിന്ന് ഇന്ത്യയിലേയ്ക്കും, ഇന്ത്യയില്‍ നിന്ന് സൗദിയിലേയ്ക്കുമുള്ള എല്ലാ വിമാനസര്‍വീസുകളും റദ്ദാക്കി.  ഇന്ത്യയില്‍ കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലാണ് തീരുമാനമെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. അതേസമയം, പ്രവാസി മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വന്‍ തിരിച്ചടിയാണ് ഈ തീരുമാനം. എന്നാല്‍, സൗദിയിലേക്കുളള വന്ദേഭാരത് വിമാനങ്ങളെ ഇത് ബാധിക്കില്ലെന്ന് അറിയുന്നു.

സൗദിയിലെ പ്രവാസി മലയാളികള്‍ക്കും, അവധിക്ക് നാട്ടില്‍ വന്ന് മടങ്ങിപ്പോകാനിരുന്ന, പ്രവാസികള്‍ക്കും വലിയ തിരിച്ചടിയാണ് ഈ പുതിയ തീരുമാനം. സൗദിയില്‍ നിന്ന് ഇന്ത്യയിലേയ്ക്കും, ഇന്ത്യയില്‍ നിന്ന് സൗദിയിലേയ്ക്കുമുള്ള എല്ലാ വിമാനസര്‍വീസുകളുമാണ് റദ്ദാക്കിയത്.  ഇന്ത്യയില്‍ കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലാണ് തീരുമാനമെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. 34 ലക്ഷത്തോളം ഇന്ത്യക്കാരാണ് സൗദിയിലുള്ളത്. ജോലി നഷ്ടപ്പെട്ടവരടക്കം ഒട്ടേറെ മലയാളികളാണ് സൗദിയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് മടങ്ങുന്നത്. കൂടാതെ, ആയിരക്കണക്കിന് മലയാളികളടക്കമുള്ളവര്‍ സൗദിയിലേയ്ക്ക് തിരികെപോകാനും കാത്തിരിക്കുമ്പോഴാണ് പുതിയ തീരുമാനം.

ഇന്ത്യയെക്കൂടാതെ ബ്രസീല്‍, അര്‍ജന്‍റീന എന്നീ രാജ്യങ്ങളിലേക്കും വിലക്ക് പ്രഖ്യാപിച്ചു. ഈ രാജ്യങ്ങളില്‍ 14 ദിവസം താമസിച്ചവര്‍ക്കും സൗദിയിലേയ്ക്ക് നേരിട്ട് വരാനാകില്ല. അതേസമയം, വന്ദേഭാരത് മിഷന്‍ സര്‍വീസുകളെ ഇത് ബാധിക്കില്ല എന്നത് ഏറെ ആശ്വാസം പകരുന്നതാണ്. എന്നാല്‍, ചാര്‍ട്ടേഡ് വിമാനങ്ങളെ ബാധിക്കുമോ എന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നു. അതേസമയം, കൊവിഡ് കാലത്തിന് മുമ്പ് നാട്ടിലേക്ക് അവധിയില്‍ പോയ സൗദി പ്രവാസികള്‍ക്ക് , തിരിച്ചെത്തുന്നത് സംബന്ധിച്ച തീരുമാനം അനിശ്ചിതമായമായി നീളുകയാണ്. ഇതും മലയാളികളുള്‍പ്പെടെ നിരവധി പ്രവാസികള്‍ക്ക് ജോലി ഭീഷണി ഉയര്‍ത്തുകയാണ്.