വിൻസെന്‍റ് നെല്ലിക്കുന്നേൽ കോം ഇന്ത്യയുടെ പുതിയ പ്രസിഡന്‍റ് ; അബ്ദുൽ മുജീബ് സെക്രട്ടറി, കെ കെ ശ്രീജിത് ട്രഷര്‍, ആർ ഗോപീകൃഷ്ണൻ രക്ഷാധികാരി

തിരുവനന്തപുരം : കേരളത്തിലെ പ്രമുഖ ഓൺലൈൻ മാധ്യമ പ്രതിനിധികളുടെ സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ (കോം ഇന്ത്യ) യുടെ പുതിയ പ്രസിഡന്‍റായി സത്യം ഓൺലൈൻ എഡിറ്റർ വിൻസെന്‍റ് നെല്ലിക്കുന്നേലിനെയും സെക്രട്ടറിയായി കാസർഗോഡ് വാർത്താ എഡിറ്റർ അബ്ദുൽ മുജീബിനെയും ട്രഷററായി ട്രൂവിഷൻ ന്യൂസ് എഡിറ്റർ കെ.കെ ശ്രീജിത്തിനെയും തെരഞ്ഞെടുത്തു. മുതിർന്ന മാധ്യമ പ്രവർത്തകൻ ആർ ഗോപീകൃഷ്ണനെ രക്ഷാധികാരിയായി നാമനിർദ്ദേശം ചെയ്യാനും യോഗം തീരുമാനിച്ചു.

വൈസ് പ്രസിഡന്‍റായി സോയിമോൻ മാത്യു (മലയാളി വാർത്ത), ജോയിന്‍റ് സെക്രട്ടറിമാരായി അജയ് മുത്താന (വൈഗ ന്യൂസ്), കെ ബിജുനു (കേരള ഓൺലൈൻ ന്യൂസ്) എന്നിവരെയും തെരഞ്ഞെടുത്തു. അൽ അമീൻ (ഇ വാർത്ത), ഷാജൻ സ്കറിയാ (മറുനാടൻ മലയാളി), ഷാജി (എക്സ്പ്രസ് കേരള), ബിനു ഫൽഗുണൻ (വൺ ഇന്ത്യ), സാജു കൊമ്പന്‍ ( അഴിമുഖം ) സാജ് കുര്യൻ (സൗത്ത് ലൈവ്), വിജേഷ് (ഈസ്റ്റ് കോസ്റ്റ്), കുഞ്ഞിക്കണ്ണന്‍ മുട്ടത്ത് ( കെ വാര്‍ത്ത ), കെ ആര്‍ രതീഷ് (ഗ്രാമജ്യോതി) എന്നിവരെ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്കും തെരഞ്ഞെടുത്തു.

കഴിഞ്ഞ 25 വര്‍ഷങ്ങളായി മാധ്യമ പ്രവര്‍ത്തന രംഗത്ത് സജീവമായി നിലനില്‍ക്കുന്ന വിന്‍സെന്‍റ് നെല്ലിക്കുന്നേല്‍ 2012 മുതലാണ്‌ അച്ചടി മാധ്യമ മേഖല വിട്ട് സത്യം ഓണ്‍ലൈന്‍ വഴി ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തനത്തിലേക്ക് കടന്നുവരുന്നത്. സത്യം ഓണ്‍ലൈന്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി മാനേജിംഗ് ഡയറക്ടറും എഡിറ്ററുമാണ് പാലാ ഇടമറ്റം സ്വദേശിയായ വിന്‍സെന്‍റ്. അഡ്വ . സെബാസ്റ്റ്യന്‍ പോളിന് പകരം കോം ഇന്ത്യയുടെ പുതിയ രക്ഷാധികാരിയായ ആര്‍ ഗോപീകൃഷ്ണന്‍ ദീപികയിലാണ് മാധ്യമ പ്രവര്‍ത്തനം ആരംഭിക്കുന്നത്. തുടര്‍ന്ന് മംഗളം, കേരള കൗമുദി എന്നിവയില്‍ ഡെപ്യൂട്ടി എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ചു. നിലവില്‍ മെട്രോ വാര്‍ത്തയുടെ എഡിറ്ററായി പ്രവര്‍ത്തിക്കുന്നു.

ഓൺലൈൻ മാധ്യമങ്ങളോടുള്ള അവഗണന അവസാനിപ്പിച്ച് വാർത്തകൾ അതിവേഗം ജനങ്ങളിലെത്തിക്കുന്ന ഓൺലൈൻ മാധ്യമ പ്രവർത്തകർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് കേന്ദ്ര – സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടാനും കോം ഇന്ത്യ വാര്‍ഷിക ജനറല്‍ ബോഡിയോഗം തീരുമാനിച്ചു. കോം ഇന്ത്യയില്‍ അംഗങ്ങള്‍ ആകാന്‍ ആഗ്രഹിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് 4comindia@gmail.com എന്ന ഇ മെയില്‍ അഡ്രസില്‍ അപേക്ഷ സമര്‍പ്പിക്കുകയോ 9961674536 എന്ന നമ്പരില്‍ വിളിക്കുകയോ ചെയ്യാം.

online mediacom india
Comments (0)
Add Comment