കണ്ണൂർ: ആദർശ രാഷ്ട്രീയത്തിൽ കണ്ണൂരിന്‍റെ സംഭാവനയായ സതീശൻ പാച്ചേനിക്ക് ജന്മനാടിന്‍റെ ആദരാഞ്ജലി. സംസ്കാരം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പയ്യാമ്പലം ശ്മശാനത്തില്‍ നടന്നു. ആയിരക്കണക്കിന് ആളുകളാണ് സതീശൻ പാച്ചേനിക്ക് അന്തിമോപചാരം അർപ്പിക്കാൻ പൊതുദർശനത്തിന് വെച്ച വിവിധ ഇടങ്ങളിൽ എത്തിച്ചേർന്നത്. ബുധനാഴ്ച രാവിലെ 11.45 ഓടെയാണ് സതീശന്‍ പാച്ചേനി വിടവാങ്ങിയത്.
സതീശൻ പാച്ചേനിയുടെ മരണവാർത്ത അറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് ചാലയിലെ സ്വകാര്യ ആശുപത്രി പരിസരത്ത് എത്തിച്ചേർന്നത്. തുടർന്ന് സതീശൻ പാച്ചേനിയുടെ ജന്മ നാടായ പാച്ചേനിയിലേക്കാണ് ഭൗതിക ശരീരം വിലാപയാത്രയായി കൊണ്ടുപോയി. കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയാണ് പാച്ചേനിയുടെ തറവാട് വീട്ടിൽ ബന്ധുക്കളും നാട്ടുകാരും സതീശൻ പാച്ചേനിക്ക് നൽകിയത്. വിദ്യാർത്ഥിയായിരുന്ന വേളയിൽ കെഎസ്‌യു പ്രവർത്തകനായി നടന്നുനീങ്ങിയ വഴിയിൽ നൂറുകണക്കിനാളുകൾ സതീശൻ പാച്ചേനിക്ക് അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് നിരവധി ദശാബ്ദങ്ങളോളം സതീശൻ പാച്ചേനിയുടെ കർമ്മമണ്ഡലമായ തളിപ്പറമ്പിലെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിലാണ് ഭൗതിക ശരീരം പൊതുദർശനത്തിന് വെച്ചത്. തളിപ്പറമ്പിലെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ മേഖലയിലെ നിരവധിപേർ സതീശൻ പാച്ചേനിക്ക് ആദരാജ്ഞലി അർപ്പിച്ചു. തുടർന്ന് സതീശൻ പാച്ചേനിയുടെ ഭൗതിക ശരീരം അദ്ദേഹത്തിന്‍റെ സഹോദരൻ സുരേഷിന്‍റെ അമ്മാനപാറയുള്ള ഭവനത്തിൽ പൊതുദർശനത്തിന് വെച്ചു.
കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, വി.ടി ബൽറാം ഉൾപ്പടെയുള്ള നേതാക്കൾ സഹോദരന്‍റെ വീട്ടിൽ വെച്ച് സതീശൻ പാച്ചേനിക്ക് അന്ത്യാഞ്ജലി അർപ്പിച്ചു. തുടർന്ന് പ്രിയ നേതാവിന്‍റെ ഭൗതികദേഹം കണ്ണൂർ ഡിസിസി ഓഫീസിൽ വിലാപയാത്രയായി കൊണ്ടുവന്നു. കണ്ണീരിൽ കുതിർന്ന വികാരപരമായ വരവേൽപ്പാണ് ഡിസിസി ഓഫിസിലെ ജീവനക്കാരും നേതാക്കളും പ്രിയ നേതാവിന് നൽകിയത്. രാത്രി ഏറെ വൈകിയും നിരവധി പാർട്ടി പ്രവർത്തകരും പൊതു ജനങ്ങളും ഡിസിസി ആസ്ഥാനത്ത് എത്തി അന്തിമോപചാരം അർപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 11.30 വരെ ഡിസിസി ഓഫീസില്‍ പൊതുദർശനം തുടർന്നു. നാട്ടുകാരും പ്രവർത്തകരും നേതാക്കളും ഉള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് സതീശന്‍ പാച്ചേനിയെ അവസാനമായി ഒരുനോക്ക് കാണാനായി എത്തിച്ചേർന്നത്.
ഉച്ചയ്ക്ക് 1.15 ഓടെ സതീശന്‍ പാച്ചേനിയുടെ ഭൗതികദേഹവും വഹിച്ചുള്ള വിലാപയാത്ര പയ്യാമ്പലം ശ്മശാനത്തില്‍ എത്തിച്ചേർന്നു. സംസ്കാരചടങ്ങുകളില്‍ സംബന്ധിക്കാന്‍ എത്തിച്ചേർന്ന ആയിരങ്ങള്‍ കണ്ണൂർ രാഷ്ട്രീയത്തിലെ സൌമ്യമുഖമുള്ള കരുത്തനായ നേതാവിന് യാത്രാമൊഴി നേർന്നു. 1.35 ന്സതീശൻ പാച്ചേനിയുടെ മകൻ ജവഹറും സഹോദരൻ സുരേഷും ചേർന്ന് ചിതയ്ക്ക് തീ കൊളുത്തി. അപ്രതീക്ഷിതമായി എത്തിയ മരണം തങ്ങളുടെ പ്രിയ നേതാവിനെ കവർന്നെടുത്തെങ്കിലും ഏവരുടെയും മനസിലും ഓർമ്മകളിലും ജീവിതകാലം മുഴുവന്‍ ആ മുഖം മായാതെ നില്‍ക്കും…