പ്രശ്നബാധിത ബൂത്തുകളായി സർക്കാർ തയ്യാറാക്കിയ ലിസ്റ്റ് സി.പി.എം അജണ്ടയുടെ ഭാഗം : സതീശൻ പാച്ചേനി

Jaihind News Bureau
Thursday, December 3, 2020

 

കണ്ണൂർ : തെരഞ്ഞെടുപ്പുകളിൽ ക്രമസമാധാന പ്രശ്നങ്ങൾ കൂടുതലായി ഉണ്ടായ ഭൂരിഭാഗം പോളിംങ്ങ് സ്റ്റേഷനുകളെയും ഒഴിവാക്കി പ്രശ്നബാധിത ബൂത്തുകളായി സർക്കാർ തയ്യാറാക്കിയ ലിസ്റ്റ് സി.പി.എം അജണ്ടയുടെ ഭാഗമാണെന്നും പോലീസ് തയ്യാറാക്കി നല്‍കിയ ലിസ്റ്റ് നീതിപൂർവ്വകമായതല്ലെന്നും ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി പറഞ്ഞു.

നീതിപൂർവ്വകമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വരണാധികാരി കൂടിയായ ജില്ലാ കലക്ടറെ ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനിയും യു ഡി.എഫ് ജില്ലാ ചെയർമാർ പി.ടി. മാത്യുവും നേരിൽ കണ്ട് പ്രശ്നത്തിന്‍റെ ഗൗരവാവസ്ഥ ധരിപ്പിച്ചു.

ജില്ലയിൽ കഴിഞ്ഞ കാലങ്ങളിൽ തെരഞ്ഞെടുപ്പുകളിലെല്ലാം അക്രമവും ബൂത്ത് പിടുത്തവും ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ സ്വതന്ത്രവും നീതിപൂർവ്വകവുമായ ഇലക്ഷൻ നടത്താൻ ആവശ്യമായ സജ്ജീകരണങ്ങൾ വരണാധികാരി കൂടിയായ കലക്ടറുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

അക്രമ സാധ്യത നിലനിൽക്കുന്ന 608 പോളിംങ്ങ് ബൂത്തുകളുടെ ലിസ്റ്റ് കളക്ടർക്ക് കൈമാറി. ക്രമസമാധാന പ്രശ്നമുണ്ടാകാറുള്ള ബൂത്തുകളിൽ വെബ് ക്യാമറയും ആവശ്യമായ സുരക്ഷയും ഒരുക്കണമെന്ന് കളക്ടറോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പുകളിൽ ഓപ്പൺ വോട്ടുകളായി ക്രമരഹിതമായി പല പോളിംങ്ങ് സ്റ്റേഷനുകളിലും നൂറുകണക്കിന് ഓപ്പൺ വോട്ടുകൾ ചെയ്യുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ടെന്നും ഓപ്പൺ വോട്ടുകളായി അമിതമായി വോട്ടർമാരെ ബോധപൂർവ്വം സൃഷ്ടിക്കുന്നതിന് നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നും ഓർഫനേജുകളിൽ കഴിയുന്ന വോട്ടർമാർക്ക് വേണ്ട വാഹന സൗകര്യം ഇലക്ഷൻ കമ്മീഷൻ നേരിട്ട് ഒരുക്കണമെന്നും നേതാക്കൾ കളക്ടറോട് ആവശ്യപ്പെട്ടു.

കൊവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി പി.പി.ഇ കിറ്റ് ധരിച്ച് വരുന്ന മഹാമാരി പിടിച്ച രോഗികളുടെ ലിസ്റ്റ് രാഷ്ട്രീയ പാർട്ടികൾക്ക് നേരത്തെ നല്‍കണമെന്നും വോട്ടറെ മനസിലാക്കുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും സർക്കാർ പുറത്ത് വിട്ട വെബ് ക്യാമറ സ്ഥാപിക്കുന്ന ബൂത്തുകളി ളിൽ ഒഴിഞ്ഞ് പോയ ബൂത്തുകളിൽ ക്യാമറ സ്ഥാപിക്കുന്നതിന് അപേക്ഷ നല്കുന്നതിനുള്ള സമയം ദീർഘിപ്പിക്കണമെന്നും യു ഡി.എഫ് നേതാക്കൾ കളക്ടറെ നേരിൽ കണ്ട് ആവശ്യപ്പെട്ടു.