സ്വർണ്ണ കടത്ത് : സരിത്തിനെ 7 ദിവസത്തേക്ക് കസ്റ്റംസിന്‍റെ കസ്റ്റഡിയിൽ വിട്ടു

Jaihind News Bureau
Thursday, July 9, 2020

സ്വർണ്ണ കടത്ത് കേസിൽ അറസ്റ്റിലായ സരിത്തിനെ കോടതി കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു.  7 ദിവസത്തെക്കാണ് കോടതി സരിത്തിനെ കസ്റ്റഡിയിൽ വിട്ടത്. അതിനിടെ ബാഗേജില്‍ സ്വര്‍ണം ഉള്ളകാര്യം അറിയില്ലെന്ന് അറ്റാഷെ കസ്റ്റംസിന് മൊഴിനൽകി.

യു.എ.ഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ പേരില്‍ ഭക്ഷ്യവസ്തുക്കളെന്ന പേരിലാണ് തിരുവനന്തപുരത്ത് സ്വര്‍ണം കടത്തിയതെന്ന് കസ്റ്റംസ് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കസ്റ്റംസ് വകുപ്പ് 135 അനുസരിച്ചാണ് പി.എസ്. സരിത്തിന്റെ പേരില്‍ കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. ബാഗേജിനുള്ളില്‍ നിന്ന് കസ്റ്റംസ് കണ്ടെത്തിയ സ്വര്‍ണത്തെപ്പറ്റി അറിയില്ലെന്ന് അറ്റാഷെ മൊഴി നല്‍കിയതായും സരിത്തിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

കള്ളക്കടത്താണിതെന്നും യു.എ.ഇ കോണ്‍സുലേറ്റും താനും ഇതില്‍ അന്വേഷണം നടത്താന്‍ അഭ്യര്‍ഥിക്കുന്നെന്നും കുറ്റവാളികളെ പിടികൂടണമെന്നും അറ്റാഷെ മൊഴിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ നിയമങ്ങളെപ്പറ്റി അറിവില്ലാതിരുന്നതിനാലാണ് ഇക്കാര്യം അറിയാവുന്ന മുന്‍ പി.ആര്‍.ഒ കൂടി ആയിരുന്ന പി.എസ് സരിത്തിനെ വിമാനത്താവളത്തിലെ നടപടികള്‍ക്ക് ചുമതലപ്പെടുത്തിയതെന്നു അറ്റാഷെ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടിലുണ്ട്.

എന്നാൽ ജോലിഭാരം കൊണ്ടാണ് താന്‍ പി.ആര്‍.ഒ സ്ഥാനം രാജിവച്ചതെന്നും, ഏപ്രില്‍ മാസത്തില്‍ മാത്രം മൂന്നു തവണ ബാഗേജ് സ്വീകരിച്ചെന്ന് സമ്മതിച്ചതായും സരിത്തിൻ്റെ മൊഴിയിലുണ്ട്. സ്വര്‍ണക്കടത്ത് മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട കാര്‍ഗോ ബുക്ക് ചെയ്ത പണമിടപാടും ദേശസുരക്ഷയ്ക്ക് ഭീഷണിയാവുന്നതും രാജ്യാന്തരബന്ധം വെളിവാക്കുന്നതാണെന്നും കസ്റ്റംസിൻ്റെ റിമാന്‍റ് റിപ്പോര്‍ട്ടിലുണ്ട്. അതുകൊണ്ടുതന്നെ സരിത്തിന്‍റെ സാമ്പത്തിക ഇടപാട് സംബന്ധിച്ച്‌ കൂടുതല്‍ അന്വേഷണം വേണമെന്നും കസ്റ്റംസ് കോടതിയിൽ ആവശ്യപ്പെട്ടു.

കൂടുതൽ ചോദ്യം ചെയ്യാനായി സരിത്തിനെ 7 ദിവസത്തെക്ക് കസ്റ്റഡിയിൽ വേണമെന്നും കസ്റ്റംസ് എറണാകുളം സിജെഎം കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ സരിത്തിനെ കസ്റ്റഡിയിൽ വിട്ടു നൽകരുതെന്ന് സരിത്തിന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. തുടർന്ന് 15 ആം തീയതി വരെ കോടതി സരിത്തിനെ കസ്റ്റംസിന്‍റെ കസ്റ്റഡിയിൽ വിട്ടു.