മൊട്ടേര സ്റ്റേഡിയത്തിന് നരേന്ദ്ര മോദിയുടെ പേര് നല്‍കി പ്രഖ്യാപനം ; വിമർശനം

Jaihind News Bureau
Wednesday, February 24, 2021

അഹമ്മദാബാദ് : ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍റെ  പേര് നരേന്ദ്ര മോദി സ്റ്റേഡിയം എന്ന് മാറ്റി ബി.ജെ.പി. ഇന്ന് സ്റ്റേഡിയം ഉദ്ഘാടനം ചെയ്യവെ രാഷ്ട്രപതി റാംനാഥ് കോവിന്ദാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു, ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ എന്നിവരും പങ്കെടുത്ത ചടങ്ങിലാണ് പ്രഖ്യാപനം.

‘ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദിയാണ് മൊട്ടേര സ്റ്റേഡിയമെന്ന ആശയം മുന്നോട്ടുവെച്ചത്. ആ സമയത്ത് അദ്ദേഹം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റുമായിരുന്നു’ – സ്റ്റേഡിയത്തിന് നരേന്ദ്ര മോദിയുടെ പേര് നൽകുന്നതായി പ്രഖ്യാപിച്ചുകൊണ്ട് രാഷ്ട്രപതി പറഞ്ഞു.

1,10,000 പേര്‍ക്കിരിക്കാന്‍ കഴിയുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണിത്. ഇന്ത്യ-ഇംഗ്ലണ്ട്​ പരമ്പരയിലെ ടെസ്റ്റുകളും, അഞ്ച്​ ട്വന്‍റി-ട്വന്‍റി മത്സരങ്ങളും ഈ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. അതേസമയം പേര് നല്‍കലിന് പിന്നില്‍ ബി.ജെ.പിയുടെ വിലകുറഞ്ഞ നീക്കമെന്ന് വിമർശനമുയരുന്നുണ്ട്. നേരത്തേ ഡൽഹി ഫിറോസ്​ ഷാ കോട്​ല സ്​റ്റേഡിയത്തിന്​ അന്തരിച്ച കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ പേര് നൽകിയതും വിവാദമായിരുന്നു.