‘പ്രതിപക്ഷ നേതാവിന് ഐഫോണ്‍ നല്‍കിയോ എന്ന് അറിയില്ല’ ; മലക്കംമറിഞ്ഞ് സന്തോഷ് ഈപ്പന്‍

 

കൊച്ചി: ഐഫോണ്‍ വിവാദത്തില്‍ മലക്കംമറിഞ്ഞ് യൂണിടാക്ക് എം.ഡി സന്തോഷ് ഈപ്പന്‍. പ്രതിപക്ഷ നേതാവിന് ഐ ഫോണ്‍ നല്‍കിയോ എന്ന് അറിയില്ലെന്ന് സന്തോഷ് ഈപ്പന്‍ വിജിലന്‍സിന് മൊഴി നല്‍കി. അഞ്ച് ഐ ഫോണ്‍ വാങ്ങിയിരുന്നു. ഇതാര്‍ക്കാണ് നല്‍കിയതെന്ന് അറിയില്ല.  സന്തോഷ് ഈപ്പന്‍റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.

അപകീർത്തികരമായ പരാമർശം പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കാണിച്ച് സന്തോഷ് ഈപ്പന് രമേശ് ചെന്നിത്തല വക്കീൽ നോട്ടീസ് അയച്ചിരുന്നു. അല്ലാത്തപക്ഷം മാനനഷ്ടത്തിന് ഒരുകോടി നൽകണമെന്നായിരുന്നു ആവശ്യം. ഇതിന് പിന്നാലെയാണ് സന്തോഷ് ഈപ്പന്‍റെ നിലപാട് മാറ്റം.

ലൈഫ് മിഷൻ പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണത്തിനെതിരെ ഹൈക്കോടതിയിൽ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സന്തോഷ് ഈപ്പൻ പ്രതിപക്ഷ നേതാവിനെതിരായ പരാമര്‍ശം നടത്തിയത്. യു.എ.ഇ ദിനാഘോഷവുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് വഴി പ്രതിപക്ഷ നേതാവിന് ഐഫോൺ സമ്മാനമായി നൽകിയെന്നായിരുന്നു ആരോപണം. ആരോപണം തെറ്റാണെന്ന് തെളിവുകൾ സഹിതം പ്രതിപക്ഷ നേതാവ് മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടിയിരുന്നു.

ചടങ്ങിനോട് അനുബന്ധിച്ച് നൽകിയ ഐഫോണുകൾ എവിടെ എന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പ്രതിപക്ഷ നേതാവ് പരാതിയും നൽകിയിരുന്നു. എന്നാൽ കേസ് ഇല്ലാതെ അന്വേഷണം നടത്താന്‍ കഴിയില്ലെന്നാണ് പൊലീസ് നിലപാട്. ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കുന്നത് വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി മാറുമെന്നും നിയമോപദേശം.

കേസ് രജിസ്റ്റര്‍ ചെയ്താൽ മാത്രമെ ഫോൺ വിവരങ്ങൾ നൽകാനാവുകയുള്ളുവെന്നാണ് മൊബൈൽ കമ്പനികൾ പൊലീസിനെ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് പൊലീസ് നിയമോപദേശം തേടിയത്. നിയമോപദേശം ലഭിച്ച എങ്കിലും മറ്റ് സാധ്യതകൾ കൂടി പരിശോധിച്ചാകും പൊലീസ് അന്തിമ തീരുമാനമെടുക്കുക.

https://www.facebook.com/JaihindNewsChannel/videos/3038768462895468

Comments (0)
Add Comment