വീണാ വിജയന് മാസപ്പടി നൽകുന്ന സ്ഥാപനത്തിന്‍റെ ഡയറക്ടര്‍ക്ക് സിൻഡിക്കേറ്റ് അംഗമായി നിയമനം; വിവാദം

Jaihind Webdesk
Saturday, January 20, 2024

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് മാസപ്പടി നൽകുന്നതായി ആരോപണമുള്ള, വിദേശത്തേക്ക് വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസിയുടെ ഡയറക്ടറെ സിൻഡിക്കേറ്റ് മെമ്പറാക്കി സർക്കാർ. ഘടക കക്ഷികൾക്ക് പോലും സിൻഡിക്കേറ്റ് അംഗത്വം നല്‍കാത്ത സിപിഎം, പാർട്ടി അംഗമല്ലാത്തയാളിനെ നാമനിർദ്ദേശം നൽകിയ വാർത്ത വന്നത് പാർട്ടി പത്രത്തിൽ മാത്രം. നിയമനം സംബന്ധിച്ച് സർക്കാറിന്‍റെയോ സർവകലാശാലയുടെയോ പത്രക്കുറിപ്പില്ലാത്തതിലും ദുരൂഹത.

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സിൻഡിക്കേറ്റ് അംഗമായിട്ടാണ് വിദേശത്തേക്ക് വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്ന സാന്‍റാ മോണിക്കയുടെ ഡയറക്ടറായ  ഡോ. റെനി സെബാസ്റ്റ്യനെ സർക്കാർ നാമനിർദ്ദേശം ചെയ്തത്. ഈ സ്ഥാപനവും മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ മാസപ്പടി പറ്റുന്ന സ്ഥാപനങ്ങളിൽ ഒന്നാണെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. അതീവ രഹസ്യമായിട്ടാണ് സർക്കാർ ഈ നീക്കം നടത്തിയത്.

ഇടതു സഹയാത്രികനായിരുന്ന ഡോ. പ്രേംകുമാർ രാജിവെച്ച ഒഴിവിലാണ് റെനി സെബാസ്റ്റ്യന്‍റെ നിയമനം. ഇപ്പോൾ
കുസാറ്റിൽ പോസ്റ്റ്‌ ഡോക്ടറൽ ഗവേഷകകൂടിയാണ് റെനി. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് അനുശ്രീയേയും സിൻഡിക്കേറ്റിലേക്ക്  നാമനിർദേശം ചെയ്തിട്ടുണ്ട്. വാർത്താക്കുറിപ്പ് ഇറക്കുകയോ മറ്റ് അറിയിപ്പുകൾ നൽകാതെയോ ആയിരുന്നു സർക്കാർ നീക്കം. പാർട്ടി മുഖപത്രത്തിൽ മാത്രമാണ് ഘടകകക്ഷികൾ പോലും അറിയാത്ത ഈ നീക്കം സംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ചത്.

കേരളത്തിൽ നിന്നും വിദ്യാർത്ഥികൾ കൂട്ടത്തോടെ വിദേശത്തേയ്ക്ക് പലായനം ചെയ്യുന്നത് തടയുന്നതിനു വേണ്ടി   സ്വകാര്യ സർവകലാശാലകളും വിദേശ സർവകലാശാലകളും സംസ്ഥാനത്ത് ആരംഭിക്കാൻ പച്ചക്കൊടി കാട്ടിയ സംസ്ഥാന സർക്കാരാണ് വിദ്യാർത്ഥികളെ വിദേശത്തേക്ക് റിക്രൂട്ട് ചെയ്യുന്ന സ്ഥാപനത്തിന്‍റെ ഡയറക്ടറെ സിൻഡിക്കേറ്റ് അംഗമാക്കിയത്. മുഖ്യമന്ത്രിയുടെ മകളുമായി അടുത്ത ബന്ധമുള്ള ഈ സ്ഥാപനത്തിന്‍റെ വിശ്വാസ്യത വർധിപ്പിക്കുന്നതിനുള്ള നീക്കമാണ് ഇതിന് പിന്നിൽ എന്ന ആരോപണം ബലപ്പെടുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ തെറ്റായ സന്ദേശത്തിന് വഴിവെക്കുന്ന
ഈ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.