തിരുവനന്തപുരം: ശബരിമലയില്‍ യുവതീ പ്രവേശനം സംഭവിച്ചതോടെ സംസ്ഥാനത്തമൊട്ടാകെ അക്രമ സമരവുമായി സംഘ് പരിവാര്‍ സംഘടനകള്‍. നെയ്യാറ്റിന്‍കരയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഓഫീസില്‍ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കെട്ടി. സെക്രട്ടറിയേറ്റിന് മുന്നില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയാണ്. മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനുള്ളില്‍ പ്രവേശിച്ച് പ്രതിഷേധിക്കുന്നു. തൃശൂര്‍ വടക്കാഞ്ചേരിയിലും അക്രമ സംഭവങ്ങള്‍ അരങ്ങേറുന്നുണ്ട്. പ്രദേശത്തെ കടകളെല്ലാം പ്രവര്‍ത്തകര്‍ അടപ്പിക്കുകയാണ്. ക്ലിഫ് ഹൗസിന് മുന്നിലും ശബരിമല കര്‍മസമിതിയുടെ പ്രതിഷേധമുണ്ട്. തൃശ്ശൂരില്‍ ബസ് സര്‍വീസ് ഭാഗികമായി നിര്‍ത്തി. കണ്ണൂരില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മന്ത്രി കെകെ ശൈലജയെ കരിങ്കൊടി കാട്ടി. ഗുരുവായൂരില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പങ്കെടുത്ത പരിപാടിക്കിടെയും പ്രതിഷേധമുണ്ടായി.
അതേസമയം, ആചാരലംഘനത്തിന്റെ പേരില്‍ അടച്ചിട്ട ശബരിമല നട 45 മിനിറ്റ് നീണ്ട ശുദ്ധിക്രിയക്ക് ശേഷം വീണ്ടും തുറന്നു. യുവതീപ്രവേശനത്തെ തുടര്‍ന്ന് നട അടച്ച തന്ത്രിക്കെതിരെ സിപിഎം രംഗത്ത് വന്നു. കോടതിവിധിയെ തന്ത്രി വെല്ലുവിളിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി പറഞ്ഞു. തന്ത്രി ഭരണഘടനാ ലംഘനം നടത്തിയെന്നും കോടിയേരി പറഞ്ഞു.
യുവതികള്‍ ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ നടയടച്ചിടുകയായിരുന്നു. ആചാരലംഘനം നടന്ന സാഹചര്യത്തില്‍ പരിഹാരക്രിയകള്‍ നടത്താനും തീരുമാനമായി. ഇതേതുടര്‍ന്ന് സന്നിധാനത്ത് നിന്ന് ഭക്തരെ മാറ്റിത്തുടങ്ങി. പരിഹാരക്രിയകള്‍ നടത്തി ഒരു മണിക്കൂറിനുള്ളില്‍ നട തുറക്കും. എന്നാല്‍, നട അടച്ചവിവരം അറിഞ്ഞിട്ടില്ലെന്നും ബോര്‍ഡുമായി ആരും കൂടിയാലോചന നടത്തിയിട്ടില്ലെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു.