ഗാന്ധി നിന്ദയുടെ കാര്യത്തില്‍ സംഘികളും സഖാക്കളും ഒരുപോലെ; സിപിഎം ജില്ലാ സെക്രട്ടറി ഗാന്ധിജിയെയും പിണറായിയെയും താരതമ്യം ചെയ്യുന്നു: മാര്‍ട്ടിന്‍ ജോര്‍ജ്

Jaihind News Bureau
Saturday, May 17, 2025

ഗാന്ധി നിന്ദയുടെ കാര്യത്തില്‍ സംഘികളും സഖാക്കളും ഒരുപോലെയാണെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്ജ്. ഗാന്ധി നിന്ദയ്ക്കും സി പി എം അക്രമത്തിനുമെതിരെ കണ്ണൂര്‍ തളിപറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായി വിജയന്റെ ബോര്‍ഡ് നശിപ്പിച്ചത് കൊണ്ടാണ് ഗാന്ധിജിയുടെ സ്തൂപം നശിപ്പിച്ചതെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നതെന്നും ഗാന്ധിജിയെയും പിണറായി വിജയനെയും താരതമ്യം ചെയ്യുകയാണ് സിപിഎം ജില്ല സെക്രട്ടറി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സി പി എം എത്രമാത്രം അധപതിച്ചുവെന്നതാണ് ഇതിലൂടെ മനസ്സിലാകുന്നത്.

ഗാന്ധിജിയുടെ സ്തൂപം സനീഷിന്റെ അടുക്കളയില്‍ പോലും വെക്കാന്‍ അനുവദിക്കില്ലെന്നാണ് സിപിഎം നേതാവ് പറയുന്നത്. സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഓഫിസ് അക്രമിക്കുമ്പോള്‍ ആദ്യം തകര്‍ക്കുന്നത് ഗാന്ധിജിയുടെ ഫോട്ടോയാണ്. ഇതെല്ലാ ചെയ്യുന്ന സിപിഎം ഒക്ടോബര്‍ 2 ന് ഗാന്ധി അനുസ്മരണ പരിപാടി നടത്തും. ഇനി ഗാന്ധിജിയുടെ പേര് പറയാന്‍ സിപിഎമ്മിന് അവകാശമില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിയോജക മണ്ഡലത്തില്‍ നടന്ന അഴിമതി മറച്ചുവെക്കാനാണ് സിപിഎം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടതെന്നും ഗാന്ധി സ്തൂപം തകര്‍ത്തതിലൂടെ അഴിമതിയില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനായെന്നും മാര്‍ട്ടിന്‍ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.