ചാരപ്പണിക്ക് കളമൊരുക്കി ‘സഞ്ചാര്‍ സാഥി’?; പൊതുജന പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി കേന്ദ്രം; നിര്‍ബന്ധിത ഇന്‍സ്റ്റലേഷന്‍ പിന്‍വലിച്ചു

Jaihind News Bureau
Wednesday, December 3, 2025

പൗരന്മാരുടെ സ്വകാര്യതയ്ക്ക് മേല്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ മറ്റൊരു ഒളിയമ്പാണ് ‘സഞ്ചാര്‍ സാഥി’ ആപ്ലിക്കേഷനിലൂടെ മറനീക്കി പുറത്തുവന്നിരിക്കുന്നത്. ഫോണുകളില്‍ ഡിലീറ്റ് ചെയ്യാന്‍ കഴിയാത്ത വിധത്തില്‍ ഈ ആപ് ഇന്‍ബില്‍റ്റായി നല്‍കാനുള്ള ടെലികോം മന്ത്രാലയത്തിന്റെ ഉത്തരവ്, ടെക് ലോകത്തും രാഷ്ട്രീയ രംഗത്തും വലിയ കൊടുങ്കാറ്റാണ് സൃഷ്ടിച്ചത്.

തട്ടിപ്പുകള്‍ തടയാനും നഷ്ടപ്പെട്ട ഫോണുകള്‍ കണ്ടെത്താനും ലക്ഷ്യമിട്ടുള്ളതാണ് സഞ്ചാര്‍ സാഥി ആപ്പ് എന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍, പുറത്തിറങ്ങുന്ന പുതിയ ഫോണുകളിലും, ഇതിനകം വിറ്റഴിച്ച ഫോണുകളില്‍ സോഫ്റ്റ്വെയര്‍ അപ്ഡേഷന്‍ വഴിയും നിര്‍ബന്ധമായി ഈ ആപ് സ്ഥാപിക്കാനുള്ള ഉത്തരവാണ് വന്‍ ആശങ്കയ്ക്ക് വഴിവെച്ചത്.

സ്വകാര്യതയെ മാനിക്കാത്ത ഈ ഏകാധിപത്യ നിലപാടിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തുവന്നു. ആപ്പിളിനെപ്പോലുള്ള ആഗോള ടെക് ഭീമന്‍മാര്‍ പോലും ലോകത്ത് ഒരിടത്തും ഇത്തരം നിര്‍ബന്ധിത ഇന്‍സ്റ്റലേഷനുകള്‍ അംഗീകരിക്കില്ലെന്ന് നിലപാടെടുത്തു. ഇത് ചാരപ്പണിക്കും പൗരന്മാരുടെ കോള്‍ വിവരങ്ങള്‍ നിരീക്ഷിക്കുന്നതിനും വേണ്ടിയുള്ള ബിജെപി സര്‍ക്കാരിന്റെ ഉപകരണമാണ് എന്ന ആരോപണം പാര്‍ലമെന്റിനകത്തും പുറത്തും ആളിക്കത്തി. പൊതുജന പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി കേന്ദ്രം

വിവാദങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരിക്കെ, തടിരക്ഷിക്കാന്‍ ഒടുവില്‍ കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് തന്നെ വിശദീകരണവുമായി രംഗത്ത് വരേണ്ടിവന്നു. ശക്തമായ ജനരോഷത്തിന് മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ മുട്ടുമടക്കി. ‘ആപ്ലിക്കേഷന്‍ ഓപ്ഷണലാണ്; നിര്‍ബന്ധിതമല്ല. ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഡിലീറ്റ് ചെയ്യാം. ഒരു തരത്തിലുള്ള ചാരപ്പണിക്കും കോള്‍ നിരീക്ഷണത്തിനും ഇത് ഉപയോഗിക്കില്ല’- ഇതായിരുന്നു സിന്ധ്യയുടെ വിശദീകരണം
വിവാദം ആളിക്കത്തിയതിന് ശേഷം മാത്രം ഇത്തരം ‘വിശദീകരണങ്ങള്‍’ നല്‍കുന്നതില്‍ എന്ത് ആത്മാര്‍ത്ഥതയാണുള്ളത്? തുടക്കം മുതലേ ഈ ആപ് നിര്‍ബന്ധമല്ലെങ്കില്‍, എന്തിനായിരുന്നു ടെലികോം മന്ത്രാലയത്തിന്റെ ഉത്തരവ്?

‘സഞ്ചാര്‍ സാഥി’യിലൂടെ പൗരന്മാരെ നിരീക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ജാഗ്രതയോടെ തന്നെ കാണണം. ജനാധിപത്യപരമായ ശബ്ദമുയര്‍ത്തിയില്ലായിരുന്നെങ്കില്‍ നമ്മുടെയെല്ലാം ഫോണുകളില്‍ ഈ ‘ചാരന്മാര്‍’ ഡിലീറ്റ് ചെയ്യാന്‍ കഴിയാത്ത വിധത്തില്‍ സ്ഥാനം പിടിക്കുമായിരുന്നു.