‘ഇന്ത്യയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് മാത്രം, ബി.ജെ.പിയും സി.പി.എമ്മും ജനാധിപത്യത്തെ മാനിക്കാത്ത പ്രസ്ഥാനങ്ങള്‍’ : സനല്‍കുമാര്‍ ശശിധരന്‍

കോൺഗ്രസിന്‍റെ മടങ്ങിവരവ് രാജ്യത്തിന്‍റെ മതേതരത്വത്തിന്‍റെയും സമത്വത്തിന്‍റെയും നിലനില്‍പിന് അത്യാവശ്യമാണെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ഇന്ത്യന്‍ ജനാധിപത്യം വെല്ലുവിളി നേരിടുന്ന സമയത്ത് കോണ്‍ഗ്രസിന്‍റെ മടങ്ങിവരവ് അത്യാവശ്യമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം ബി.ജെ.പിക്കും സി.പി.എമ്മിനുമെതിരെ രൂക്ഷവിമർശനമാണ് സനല്‍കുമാര്‍ ശശിധരന്‍ നടത്തിയത്.  ജനാധിപത്യത്തെ ഒരു തരത്തിലും മാനിക്കാത്ത രണ്ട് പ്രസ്ഥാനങ്ങളാണ് ബി.ജെ.പിയും സിപി‌എമ്മുമെന്ന് അദ്ദേഹം പറഞ്ഞു.  എതിരഭിപ്രായം പറയുന്നവരെ ശത്രുതയോടെ നേരിടുകയും കഴിയുന്നത്ര അടിച്ചമർത്തുകയുമാണ് ഇവരുടെ രീതി. ശക്തവും സത്യസന്ധവുമായ ഇടതുപക്ഷ പ്രസ്ഥാനം ഇപ്പോൾ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ  പരസ്യമായി കോൺഗ്രസിന് വേണ്ടി സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മതേതരമായ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി വളരെ വേഗം പരിവർത്തനം ചെയ്തുകൊണ്ടിരിക്കുന്ന ബി.ജെ.പിക്ക് വെല്ലുവിളി ഉയർത്താൻ കഴിയുന്ന ഒരേ ഒരു പ്രസ്ഥാനം കോൺഗ്രസാണ്. ഇന്ത്യയെ രക്ഷിക്കണമെന്ന്  ആഗ്രഹിക്കുന്ന എല്ലാവരും കോൺഗ്രസ് നേതൃത്വം നൽകുന്ന സഖ്യങ്ങൾക്ക് വോട്ട് ചെയ്യണമെന്ന് അഭ്യർഥനയും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചു.

സനല്‍കുമാര്‍ ശശിധരന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

ഈ വരുന്ന തെരെഞ്ഞെടുപ്പിൽ എനിക്ക് കഴിയുന്ന രീതിയിൽ പരസ്യമായി തന്നെ കോൺഗ്രസ് പാർട്ടിക്കും ചിലയിടങ്ങളിൽ AAP ക്കും വേണ്ടി സംസാരിക്കാനും എഴുതാനും തീരുമാനിച്ചു. ഇന്ത്യൻ ജനാധിപത്യം ഒരു വലിയ വെല്ലുവിളി നേരിടുന്ന ഈ സമയത്ത് കോൺഗ്രസ് പാർട്ടിയുടെ മടങ്ങിവരവ് നമ്മുടെ രാജ്യത്തിന്റെ മതേതരത്വത്തിന്റെയും സമത്വത്തിന്റെയും നിലനില്പിന് അത്യാവശ്യമാണെന്ന് ഞാൻ കരുതുന്നു. ശക്തവും സത്യസന്ധവുമായ ഒരു ഇടതുപക്ഷ പ്രസ്ഥാനം എന്നെങ്കിലും ഉണ്ടായി വന്നാൽമാത്രം ഞാൻ അതിനെ പിന്തുണക്കും. എന്തായാലും ഇപ്പോൾ അതില്ല. AAP അത്തരത്തിലൊന്നിലേക്കുള്ള ഒരു തുറസാണെന്ന് കരുതുന്നതുകൊണ്ടാണ് അതിനെ പിന്തുണയ്ക്കുന്നത്. ഇന്നത്തെ നിലയിൽ ജനാധിപത്യത്തെ ഒരു തരത്തിലും മാനിക്കാത്ത രണ്ടു പ്രസ്ഥാനങ്ങളാണ് ബിജെപിയും സിപി‌എമ്മും എന്ന് എനിക്ക് എന്റെ വ്യക്തിപരമായ അനുഭവങ്ങളിൽ നിന്നും പറയാൻ കഴിയും. എതിരഭിപ്രായങ്ങൾക്കും സുരക്ഷിതമായ ഇടമുണ്ടാവുക എന്നതാണ് ജനാധിപത്യത്തിന്റെ കാതൽ. എന്നാൽ ഇപ്പോൾ ഇടതുപക്ഷം എന്ന് നടിക്കുന്ന സിപി‌എമ്മും, പ്രത്യക്ഷത്തിൽ തന്നെ മതാധിഷ്ഠിതമായ ബിജെപിയും ചെയ്യുന്നത് എതിരഭിപ്രായം പറയുന്നവരെ ശത്രുതയോടെ നേരിടുകയും കഴിയുന്നത്ര അടിച്ചമർത്തുകയുമാണ്. വിമർശിക്കുന്നവർ രാഷ്ട്രീയക്കാരായിക്കോട്ടെ, കലാകാരന്മാരായിക്കോട്ടെ, ബുദ്ധിജീവികളായിക്കോട്ടെ അവരെയൊക്കെ വളരെ ക്രൂരമായി അവഹേളിക്കാനും കയ്യൂക്കും ഭരണബലവും ഉപയോഗിച്ച് കഴിയുന്നത്ര നശിപ്പിക്കാനും ബിജെപിയും സിപി‌എമ്മും ശ്രമിക്കും എന്നതിന് വ്യക്തിപരമായി തന്നെ നിരവധി അനുഭവങ്ങൾ എനിക്കുണ്ട്. കേരളത്തിൽ സിപി‌എമ്മിനെതിരെ സംസാരിച്ച ബുദ്ധിജീവികൾക്കെല്ലാമുണ്ടായ അവസ്ഥ നമുക്കറിയാവുന്നതാണല്ലോ. അതേ സമയം കോൺ‌ഗ്രസ് പാർട്ടിക്കെതിരായി വിമർശനമുന്നയിച്ചു എന്നപേരിൽ ഒരു കലാകാരനും ബുദ്ധിജീവിക്കും ശത്രുതാപരമായ നടപടികൾ നേരിടേണ്ടി വന്നിട്ടില്ല. അടിയന്തിരാവസ്ഥക്കാലത്തുപോലും ഉണ്ടായ കാർട്ടൂണുകളുടെ ഉദാഹരണം തന്നെ എടുക്കുക. ഇന്ന് അവയുടെ നൂറിലൊന്ന് വീര്യമുള്ള ഒരു കാർട്ടൂൺ മോഡിക്കെതിരെയോ പിണറായി വിജയനെതിരെയോ ഉണ്ടായി എന്ന് കരുതുക എന്തുതരം സമീപനമാണ് ഉണ്ടാവുക എന്ന് ആലോചിച്ചു നോക്കുക. മതേതരമായ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി വളരെ വേഗം പരിവർത്തനം ചെയ്തുകൊണ്ടിരിക്കുന്ന ബിജെപിക്ക് വെല്ലുവിളി ഉയർത്താൻ കഴിയുന്ന ഒരെ ഒരു പ്രസ്ഥാനമേ ഇപ്പോൾ ഉള്ളു എന്ന സത്യം കണ്ണുള്ളവർക്കെല്ലാം കാണാൻ കഴിയും. അത് കോൺഗ്രസ് പാർട്ടിയാണ്. ഇന്നത്തെ അപകടകരമായ സാഹചര്യത്തിൽ നിന്നും ഇന്ത്യയെ രക്ഷിച്ചെടുക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും കോൺഗ്രസ് നേതൃത്വം നൽകുന്ന സഖ്യങ്ങൾക്ക് വോട്ട് ചെയ്യണമെന്നാണ് എന്റെ അഭ്യർത്ഥന.

congresssanalkumar sasidharan
Comments (0)
Add Comment