യുപിയിലെ സംഭാലില്‍ ഉണ്ടായ അക്രമക്കേസുമായി ബന്ധപ്പെട്ട് ഷാഹി ജുമാ മസ്ജിദ് പ്രസിഡന്റ് സഫര്‍ അലിയെ അറസ്റ്റു ചെയ്തതായി സൂചന. സംഭവം അന്വേഷിക്കുന്ന പോലീസിന്റെ പ്രത്യേക സംഘമാണ് ഇദ്ദേഹത്തെ മൊഴിയെടുക്കുന്നതിനായി കസ്റ്റഡിയിലെടുത്തത്. കേസില്‍ സഫര്‍ അലിയുടെ അറസ്റ്റു രേഖപ്പെടുത്തിയതായാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ നവംബര്‍ 24നാണ് സംഭലില്‍ അക്രമം ഉണ്ടായത്.
പള്ളിയില്‍ സര്‍വേ നടത്തുന്നതിനെതിരേ പ്രതിഷേധം ഉണ്ടായിരുന്നു. അതിനിടെയുണ്ടായ അക്രമത്തിലാണ് അന്വേഷണം നടക്കുന്നത് . തുടര്‍ന്ന്് സാംഭാലില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. അക്രമത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പള്ളി പ്രസിഡന്റിനെ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് മൊഴി രേഖപ്പെടുത്തുന്നതിനായി എസ്ഐടി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതായാണ് സംഭാല്‍ കോട്വാലി ഇന്‍-ചാര്‍ജ് അനുജ് കുമാര്‍ തോമര്‍ പറഞ്ഞത്.
നവംബര്‍ 24 ന് പ്രദേശത്ത് ഉണ്ടായ അക്രമത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഷാഹി ജുമാ മസ്ജിദിന്റെ സ്ഥാനത്ത് ഒരുകാലത്ത് ഹരിഹര്‍ ക്ഷേത്രം നിലനിന്നിരുന്നു എന്ന അവകാശവാദത്തെ തുടര്‍ന്നാണ് സ്ഥലത്ത് സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടത് . ഇതേ തുടര്‍ന്ന് നാട്ടുകാര്‍ ഉള്‍പ്പടെയുള്ളവര്‍ പോലീസുമായി ഏറ്റുമുട്ടി.
മുഗള്‍ കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട ഈ പള്ളി ഒരു പുരാതന ഹിന്ദു ക്ഷേത്രത്തിന്റെ സ്ഥലത്താണ് നിര്‍മ്മിച്ചതെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. ഈ തര്‍ക്കത്തെ തുടര്‍ന്ന് ഒരു പ്രധാന വിവാദത്തിന്റെ കേന്ദ്രബിന്ദുവാണ് ഇവിടം. കോടതി ഉത്തരവിട്ട പള്ളി സര്‍വേയെക്കുറിച്ച് ആദ്യം വിവരങ്ങള്‍ ലഭിച്ചവരില്‍ അലിയും ഉള്‍പ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു, പള്ളിക്ക് പുറത്ത് നാട്ടുകാര്‍ തടിച്ചുകൂടി പ്രതിഷേധിച്ചതാണ് അക്രമത്തിലേക്ക് നയിച്ചത്.
നവംബര്‍ 24 ലെ സംഭവം വ്യാപകമായ അസ്വസ്ഥതയ്ക്ക് കാരണമായി, പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടുകയും കല്ലെറിയുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഈ അക്രമവുമായി ബന്ധപ്പെട്ട പന്ത്രണ്ട് കേസുകളില്‍ ആറെണ്ണത്തിലായി 4,000 പേജിലധികം വരുന്ന കുറ്റപത്രമാണ് എസ്ഐടി സമര്‍പ്പിച്ചിരിക്കുന്നത്. 159 പേരെ പ്രതികളാക്കി. സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്ത ആയുധങ്ങള്‍ യു കെ , ജര്‍മ്മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിര്‍മ്മിച്ചതാണെന്നും കുറ്റപത്രത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.