ജനദ്രോഹ സർക്കാരിനെതിരെ പ്രതിഷേധജ്വാലയായി ‘സമരാഗ്നി’; ഇന്ന് തൃശൂരില്‍

Jaihind Webdesk
Sunday, February 18, 2024

തൃശൂർ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരേ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭയാത്ര ഇന്ന് തൃശൂർ ജില്ലയിൽ പ്രവേശിക്കും. പാലക്കാടില്‍ മൂന്ന്  സ്വീകരണ പരിപാടികളും പൂർത്തിയാക്കിയാണ് ഏഴാമത്തെ ജില്ലയായ തൃശൂരിലേക്ക് സമരാഗ്നി പ്രവേശിച്ചത്.

രാവിലെ 10 ന് ഇരു നേതാക്കളും സംയുക്തമായി തൃശൂരിൽ വാർത്താസമ്മേളനം നടത്തും. തുടർന്ന് ജനകീയ ചർച്ചാ സദസ് – നടക്കും. വൈകിട്ട് മൂന്നരക്ക് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സമരാഗ്‌നി ജനകീയ പ്രക്ഷോഭ യാത്രക്ക് സ്വീകരണം നൽകും. തുടർന്ന് അഞ്ചരക്ക് ചാലക്കുടിയിലും സമരാഗ്നി യാത്രക്ക് സ്വീകരണമുണ്ട്.

സംഘപരിവാർ ശക്തികൾ രാജ്യത്തെ മതേതരത്വവും ജനാധിപത്യവും കശാപ്പു ചെയ്യുകയാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരേ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയ്ക്ക് പാലക്കാടും – വടക്കഞ്ചേരിയിലും നൽകിയ സ്വീകരണ യോഗം ഇന്നലെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറുകണക്കിന് പേരാണ് പാലക്കാടും – വടക്കഞ്ചേരിയിലും സമരാഗ്നി യാത്രയെ സ്വീകരിക്കാൻ എത്തിയത്. എല്ലാ അർത്ഥത്തിലും ജനങ്ങൾക്ക് നാശം വിതയ്ക്കുന്ന സർക്കാരാണ് കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തിലുള്ളതെന്ന് കെ. സുധാകരൻ പറഞ്ഞു. അതേസമയം കേരളത്തിലെ ജനങ്ങളുടെ അമർഷവും രോഷവും അവരുടെ മനസ്സിലെ തീയുമാണ് സമരാഗ്‌നിയായി മാറിയിരിക്കുന്നതെന്ന് വിഡി സതീശൻ പറഞ്ഞു.