
കണ്ണൂർ: കണ്ണൂരിൽ കോണ്‍ഗ്രസിന്‍റെ കരുത്ത് വിളിച്ചോതി സമരാഗ്നി ജനകീയ പ്രക്ഷോഭ ജാഥയുടെ സ്വീകരണത്തിലെ വൻ ജനപങ്കാളിത്തം. മട്ടന്നൂരിലും കണ്ണൂർ കളക്ടറേറ്റ് മൈതാനിയിലും നടന്ന മഹാറാലിയിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്. കണ്ണൂരിന്‍റെ രാഷ്ട്രീയ ചരിത്രത്തിൽ സമീപകാലത്തെങ്ങും ദർശിക്കാത്ത ജനക്കൂട്ടമാണ് കോൺഗ്രസിന്‍റെ സമാരാഗ്നി മഹാറാലിക്ക് എത്തിയത്. ആദ്യ റാലി നടന്ന മട്ടന്നൂരിലെ ബസ് സ്റ്റാൻഡ് ജനങ്ങളെ കൊണ്ട് തിങ്ങിനിറഞ്ഞു.
പ്രധാന റോഡിലെല്ലാം മനുഷ്യപ്രവാഹമായി മാറി. വൻ ജനക്കൂട്ടം ജാഥാനായകരായ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും ആവേശത്തിലാഴ്ത്തി. തുടർന്ന് കണ്ണൂർ കളക്ടറേറ്റ് മൈതാനിയിലെ മഹാറാലിക്ക് എത്തിയ നേതാക്കളെ അണികൾ ആവേശത്തോടെ സ്വീകരിച്ചു. നേതാക്കൾ എത്തുന്നതിന് മണിക്കൂറുകൾക്ക് മുന്നേ തന്നെ കളക്ടറേറ്റ് മൈതാനം ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു. കരിമരുന്ന് പ്രയോഗത്തോടെയാണ് കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകർ നേതാക്കളെ വരവേറ്റത്. സമരാഗ്നി ജാഥ അണികളിൽ ഉണ്ടാക്കിയ ആവേശം കോൺഗ്രസിന് കരുത്തായി മാറും.
