ബ്രിട്ടിഷ് സൈന്യം തടഞ്ഞുവെച്ച ഇറാനിയൻ കപ്പലിലുള്ളവരെല്ലാം സുരക്ഷിതരാണെന്ന് കപ്പൽ ജീവനക്കാരനായ കാസർകോട് സ്വദേശി പ്രജിത്. പ്രജിത് അടക്കം കപ്പലിലെ 22പേർ ഇന്ത്യക്കാരാണ്. പ്രശ്‌നങ്ങളില്ലെന്നും ഭക്ഷണമുൾപ്പെടെ ലഭിക്കുന്നുണ്ടെന്നും പ്രജിത് മാതാപിതാക്കളെ അറിയിച്ചു.
ജൂലായ് നാലിനാണ് പ്രജിത് ഉൾപ്പെടെയുള്ളവർ ജോലി ചെയ്യുന്ന ഗ്രേസ് വൺ എന്ന ഇറാനിയൻ എണ്ണക്കപ്പൽ ബ്രിട്ടീഷ് സൈന്യം കസ്റ്റഡിയിൽ എടുക്കുന്നത്. ജീവനക്കാരുടെ ലാപ്‌ടോപ്പും മൊബൈൽ ഫോണുമടക്കം സൈന്യം പിടിച്ചുവെച്ചിരുന്നു. മൊബൈൽഫോൺ തിരിച്ചു നൽകിയ ശേഷമാണ് ബ്രിട്ടിഷ് സൈന്യം കപ്പൽ കസ്റ്റഡിയിലെടുത്ത വിവരം കപ്പൽ ജീവനക്കാരുടെ ബന്ധുക്കൾ അറിയുന്നത്. ഗ്രേസ് വൺ കപ്പലിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ 22 ജീവനക്കാർ ഇന്ത്യക്കാരാണെന്നാണ് പ്രജിത് നാട്ടിൽ അറിയിച്ചത്. 15ദിവസത്തോളം ഫോൺബന്ധമുണ്ടായിരുന്നില്ലെന്നും കഴിഞ്ഞ ദിവസമാണ് പ്രജിത് ഫോണിൽ ബന്ധപ്പെട്ടതെന്നും പിതാവ് പുരുഷോത്തമൻ പറഞ്ഞു.
മാതാപിതാക്കളുമായും നാട്ടിലെ സുഹൃത്തുക്കളുമായും പ്രജിത് നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. കപ്പലിലെ തേർഡ് എൻജിനീയറാണ് ഉദുമ കൊക്കാൽ സ്വദേശിയായ പ്രജിത്. എന്നാൽ ബ്രിട്ടീഷ് സൈന്യം കപ്പൽ കസ്റ്റഡിയിലെടുക്കാൻ എന്താണ് കാരണമെന്ന് ജീവനക്കാർക്ക് അറിയില്ലെന്നും മറ്റു പ്രശ്‌നങ്ങളില്ലെന്നും പ്രജിത് നാട്ടിൽ അറിയിച്ചിട്ടുണ്ട്. മൂന്ന് മാസം മുൻപാണ് പ്രജിത് ഇറാനിയൻ കപ്പലിൽ ജോലിക്കെത്തിയത്. ഉടൻ താനുൾപ്പെടെയുള്ളവർ നാട്ടിലെത്തുമെന്നും പ്രജിത് സുഹൃത്തുക്കളോട് പറഞ്ഞു.
https://youtu.be/NN_Z1WdBRNQ