കാന്‍സര്‍ പ്രതിരോധം: സായ് എല്‍എന്‍സിപിഇ ഏകദിന സെമിനാര്‍

Jaihind Webdesk
Wednesday, October 18, 2023

സായ് എല്‍എന്‍സിപിഇ യുഎസിലെ പ്രശസ്തമായ മയോ ക്‌ളിനിക്കിന്റെയും സ്വസ്തി ഫൗണ്ടേഷന്റെയും അഭിമുഖ്യത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. കാന്‍സര്‍ പ്രതിരോധത്തില്‍ ശാരീരിക പ്രവര്‍ത്തനങ്ങളുടെയും ഭക്ഷണ ശീലങ്ങളുടെയും പങ്ക് : നിലവിലെ തെളിവുകളും ഭാവി ദിശകളും എന്ന വിഷയത്തിലായിരുന്നു സെമിനാര്‍ . തിരുവനന്തപുരത്ത് ഒക്ടോബര്‍ 27 മുതല്‍ 29 വരെ നടക്കാനിരിക്കുന്ന ഇന്റര്‍നാഷണല്‍ പ്രിവന്റീവ് ഓങ്കോ സമ്മിറ്റിന്റെ സുപ്രധാന ഘടകമായ ലിറ്റററി സൊസെറ്റിയും സ്‌പോര്‍ട്‌സ് മെഡിസിന്‍ വകുപ്പും സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. പ്രമുഖ ഓക്കോളജിസ്റ്റ് ഡോ. കാര്‍ത്തിക്‌ഘോഷ് , യു എസിലെ മയോ ക്‌ളിനിക്കില്‍ നിന്നുള്ള ഡോ. അമിത്’ ഘോഷ് എന്നിവര്‍ പ്രഭാഷണം നടത്തി. സെമിനാര്‍ ഡോ കാര്‍ത്തിക് ഘോഷ് ഉദ്ഘാടനം ചെയ്തു. എല്‍ എന്‍ സി പി ഇ പ്രിന്‍സിപ്പലും റിജിയണല്‍ ഹെഡുമായ ഡോ. ജി കിഷോര്‍ അധ്യക്ഷനായിരുന്നു.. ചടങ്ങില്‍ കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഡോ. പി ജി ബാലഗോപാല്‍ , സ്വസ്തി ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി എബി ജോര്‍ജ് എന്നിവരും സംസാരിച്ചു. ശാരീരിക പ്രവര്‍ത്തനങ്ങള്‍, പോഷകാഹാരം , കാന്‍സര്‍ പ്രതിരോധം എന്നിവ തമ്മിലുള്ള പരസ്പര ബന്ധത്തെ കുറിച്ചുള്ള മൂല്യവത്തായ ഉള്‍ക്കാഴ്ചകള്‍ വിദഗ്ധര്‍ പങ്കുവെച്ചു. കാന്‍സര്‍ സാധ്യത ലഘൂകരിക്കുന്നതില്‍ ശാരീരിക പ്രവര്‍ത്തനങ്ങളുടെയും പോഷകാഹാരത്തിന്റെയും നിര്‍ണായ പങ്കിനെക്കുറിച്ച് ഫിസിക്കല്‍ എഡ്യുക്കേഷന്‍ മേഖലയിലെ വിദ്യാര്‍ഥികളെയും അധ്യാപകരെയും ബോധവല്‍ക്കരിക്കുന്നതായിരുന്നു സെമിനാര്‍ . സമൂഹത്തെ ആരോഗ്യപരമായി ബോധവല്‍ക്കരിക്കാന്‍ കായിക രംഗത്തുള്ളവര്‍ക്ക് കഴിയണമെന്ന് ഡോ. അമിത് ഗോഷ് പറഞ്ഞു. കാന്‍സര്‍ അതിജീവിച്ചവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് സഹായിക്കുന്നത് കൂടിയായി സെമിനാര്‍ . സായി എല്‍എന്‍സിപിഇ വിദ്യാര്‍ഥികളും അധ്യാപകരും കായിക താരങ്ങളും പരിശീലകരും അടക്കമുള്ളവര്‍ സെമിനാറിന്റെ ഭാഗമായി.