Sabarimala| ശബരിമല നട തുറന്നു; ഓണപൂജകള്‍ക്ക് തുടക്കമായി

Jaihind News Bureau
Thursday, September 4, 2025

ഓണ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു. ഇന്നലെ വൈകുന്നേരം അഞ്ചിന് തന്ത്രി മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നട തുറന്ന് ദീപം തെളിച്ചത്. പ്രത്യേക പൂജകള്‍ ഒന്നും ഇന്നലെ ഉണ്ടായിരുന്നില്ല.

ഉത്രാടദിനമായ ഇന്ന് പുലര്‍ച്ചെ അഞ്ചിന് നട തുറന്നു. ഉത്രാടസദ്യയാണ് ഇന്നത്തെ പ്രധാന ചടങ്ങ്. മേല്‍ശാന്തിയുടെ വകയായി ഭക്തര്‍ക്ക് ഓണസദ്യ ഒരുക്കും. തിരുവോണനാളില്‍ ദേവസ്വം ജീവനക്കാരും, അവിട്ടം ദിനത്തില്‍ സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരും ഓണസദ്യ നടത്തും.

ഓണക്കാല പൂജകള്‍ക്ക് ശേഷം സെപ്റ്റംബര്‍ 7-ന് രാത്രി 9-ന് ഹരിവരാസനം പാടി നടയടയ്ക്കും. അന്ന് രാത്രി 9.50 മുതല്‍ ചന്ദ്രഗ്രഹണം ആയതിനാലാണ് നട നേരത്തെ അടയ്ക്കാന്‍ തീരുമാനിച്ചത്. തന്ത്രിമാരുടെ നിര്‍ദ്ദേശപ്രകാരമാണ്  തീരുമാനം.