ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞു; എട്ട് മരണം, 2 പേര്‍ക്ക് പരിക്ക്

Jaihind Webdesk
Saturday, December 24, 2022

ഇടുക്കി: തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് എട്ട് പേർ മരിച്ചു. തമിഴ്നാട് തേനി ജില്ലയിലെ ആണ്ടിപ്പെട്ടി സ്വദേശികളാണ് മരിച്ചത്.  ശബരിമലയിൽ നിന്നും മടങ്ങിയ തമിഴ്നാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.

ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം. ഒരു കുട്ടി ഉൾപ്പെടെ പത്തു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് തേനി സ്വദേശികൾ സഞ്ചരിച്ച ടവേര കാറാണ് അപകടത്തിൽപ്പെട്ടത്. ഏഴുപേരുടെ മരണം സംഭവ സ്ഥലത്ത് വെച്ച് തന്നെയായിരുന്നു. നാഗരാജ് (46), ദേവദാസ് (55), ശിവകുമാർ (45), ചക്കംപെട്ടി സ്വദേശി മുനിയാണ്ടി (55), മറവപ്പെട്ടി സ്വദേശി കന്നി സ്വാമി (60), ഷണ്മുഖ സുന്ദര പുരം സ്വദേശി വിനോദ് കുമാർ (43) എന്നിവരാണ് മരിച്ചത്. തേനി മെഡിക്കൽ കോളജിൽ ചികിത്സയിൽ പ്രവേശിപ്പിച്ചവരിൽ ഒരാൾ ഇന്ന് പുലർച്ചെയാണ് മരിച്ചത്. പാലത്തിൽ ഇടച്ചപ്പോൾ വാനത്തിലുണ്ടായിരുന്ന ഏഴു വയസ്സുകാരൻ ആണ്ടിപ്പെട്ടി സ്വദേശി ഹരിഹരൻ പുറത്തേക്ക് തെറിച്ചു വീണതിനാൽ കാര്യമായ പരുക്കേൽക്കാതെ രക്ഷപെട്ടു.  കുട്ടിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില തൃപ്തികരമാണ്.
കേരള, തമിഴ്നാട് പൊലീസും, ഫയർഫോഴ്സും, നാട്ടുകാരും ചേർന്നാണ് രണ്ടരമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം നടത്തിയത്.

ഹെയർ പിൻ വളവ് കയറിവരികയായിരുന്ന വാഹനം മരത്തിലിടിച്ചാണ് കൊക്കയിലേക്ക് മറിഞ്ഞത്. മരത്തിൽ ഇടിച്ച ടവേര പെൻസ്റ്റോക്ക് പൈപ്പിൽ തട്ടി താഴ്ചയിലേക്ക് മറിഞ്ഞെന്നാണ് നിഗമനം. അപകടത്തിൽ വാഹനം പൂർണമായി തകർന്നു.