പൊന്‍കുന്നത്ത് ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പെട്ടു; 7 പേര്‍ക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം

Jaihind Webdesk
Sunday, January 8, 2023

കോട്ടയം : പാലാ പൊന്‍കുന്നം റോഡില്‍ പൂവരണി ചരളയില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം നിയന്ത്രണംവിട്ട് മറ്റൊരു വാഹനത്തിലിടിച്ച ശേഷം റോഡ് സൈഡിലെ പുരയിടത്തിലേയ്ക്ക് മറിഞ്ഞു. പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. കര്‍ണാടക സ്വദേശികലായ 13 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. 7 പേര്‍ക്ക് പരിക്കേറ്റു. 2 പേരുടെ തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണം. നിയന്ത്രണംവിട്ട വാഹനം പാലായിലേയ്ക്ക് പോവുകയായിരുന്ന കാറിലാണ് ഇടിച്ചത്. കാര്‍ ഡ്രൈവര്‍ക്ക് നിസാര പരിക്കുണ്ട്. അപകട സ്ഥലത്ത് ഉടൻതന്നെ പാലാ ഫയര്‍ഫോഴ്‌സെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ ഫയര്‍ഫോഴ്‌സ് വാഹനത്തില്‍ പാലാ താലൂക്കാശുപത്രിയിലെത്തിച്ച ശേഷം കോട്ടയം മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു.