ശബരിമല: സര്‍ക്കാരിനെതിരെ വീണ്ടും എന്‍.എസ്.എസ്

ശബരിമല വിഷയത്തില്‍ സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് വീണ്ടും എൻ.എസ്.എസ് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. യുവതീപ്രവേശനത്തിന് നവോത്ഥാനവുമായി ബന്ധമില്ല. സവർണനെന്നും അവർണനെന്നും വേർതിരിക്കുന്ന നിലപാടാണ് സർക്കാർ ഇപ്പോൾ സ്വീകരിക്കുന്നത്. ശബരിമല വിധി സർക്കാർ ചോദിച്ചു വാങ്ങിയതാണെന്നും ഇതിലൂടെ നിരീശ്വരവാദം നടപ്പാക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രസ്താവനയില്‍ പറഞ്ഞു.

കോടതിവിധി നടപ്പാക്കാൻ കഴിയാത്തതിനു കാരണം സവർണരുടെ ആധിപത്യം ആണെന്നു വരുത്തിത്തീർക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത്തരത്തില്‍ വേര്‍തിരികവുണ്ടാക്കുന്നതിലൂടെ ജാതീയമായ വിഭാഗീയത സൃഷ്ടിക്കാനേ കഴിയൂ. ശബരിമലവിഷയത്തിന് വിഭാഗീയത സൃഷ്ടിച്ച് പരിഹാരം കാണാമെന്നുള്ള സർക്കാർനീക്കം രാഷ്ട്രീയലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ്.

സ്ത്രീപ്രവേശനം എന്നത് ആചാരത്തിന്‍റെയും വിശ്വാസത്തിന്‍റെയും പ്രശ്നമാണ്. ഇതിന് നവോത്ഥാനവുമായി ബന്ധമില്ല. നവോത്ഥാനത്തിലൂടെ അനാചാരങ്ങളും ദുരാചാരങ്ങളും ഉച്ചനീചത്വങ്ങളുമാണ് തുടച്ചുനീക്കപ്പെടേണ്ടത്. ഈശ്വര വിശ്വാസികൾക്കിടയിൽ സവർണ അവർണ ചേരിതിരിവുണ്ടാക്കി രാഷ്ട്രീയനേട്ടം ഉണ്ടാക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് നടക്കില്ലെന്നും സുകുമാരൻ നായർ പ്രസ്താവനയില്‍ വ്യക്തമാക്കി.

SabarimalaNSSg sukumaran nair
Comments (0)
Add Comment