ശബരിമല: ‘സരിതയുടെ സാരിത്തുമ്പും നവോത്ഥാന വീരവാദങ്ങളുമായി’ രക്ഷതേടി സി.പി.എം; സംഘപരിവാർ അജണ്ടയും പുറത്ത്

B.S. Shiju
Thursday, October 25, 2018

ശബരിമല സ്ത്രീപ്രവേശന വിധി നടപ്പാക്കൽ സംബന്ധിച്ച് രാഷ്ട്രീയ പ്രതിരോധത്തിലായ സി.പി.എം, സോളാർ കേസ് മുഖ്യപ്രതി സരിതാ നായരെ സജീവമാക്കി രംഗത്തിറക്കുന്നു. ഇതിനു പുറമേ സി.പി.എമ്മാണ് നവോത്ഥാന കേരളത്തിന്‍റെ സൃഷ്ടാക്കളെന്ന രീതിയിലുള്ള കള്ളപ്രചാരണങ്ങൾക്കും തുടക്കമിടുകയാണ്. ശബരിമല വിഷയത്തിൽ സർക്കാരും സി.പി.എമ്മും ഭരണപരമായും രാഷ്ട്രീയപരമായും പ്രതിരോധത്തിലായതോടെയാണ് പുതിയ വിഷയങ്ങൾ അവതരിപ്പിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ സി.പി.എം ശ്രമമാരംഭിച്ചിട്ടുള്ളത്.

സരിതയുടെ നെറികെട്ട ആരോപണങ്ങൾ ഏറ്റുപിടിച്ച് സി.പി.എം

സോളാറിലെ മുഖ്യപ്രതിയും കേരള സമൂഹം അവജ്ഞയോടെ തള്ളിക്കളഞ്ഞതുമായ വിവാദനായിക സരിതയെ കൂട്ടുപിടിച്ച് ശബരിമല വിഷയത്തിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് സി.പി.എം നിലവിൽ സജീവമാക്കിയിട്ടുള്ളത്. ശബരിമല യുവതീപ്രവേശന വിധിക്കെതിരെ നിലപാടെടുക്കുകയും വിശ്വാസി സമൂഹത്തിനൊപ്പം ഉറച്ചു നിലക്കുകയും ചെയ്യുന്ന കോൺഗ്രസിനും യു.ഡി.എഫിനുമെതിരെയുള്ള നീക്കത്തിന്‍റെ ഭാഗാമായാണ് സി.പി.എമ്മിന്‍റെ പുതിയ അടവുനയം. സോളാർ കേസ് അന്വേഷണ സമയത്ത് നിരവധി തവണ മൊഴികൾ മാറ്റിയ സരിത, കോൺഗ്രസ് നേതാക്കൾക്കെതിരെ ആരോപണമുന്നയിക്കാൻ സി.പി.എം നേതാവ് ഇ.പി ജയരാജൻ പണം നൽകാമെന്ന് വാഗ്ദാനം നൽകിയതായും വ്യക്തമാക്കിയിരുന്നു.

സോളാർ കേസിൽപ്പെട്ട് ജയിലിനുള്ളിലായിരിക്കുമ്പോൾ എഴുതിയതെന്ന് പറയുന്ന കെട്ടിച്ചമച്ച കത്തും കോടതി ചവറ്റുകുട്ടയിൽ തള്ളിയതോടെ കോൺഗ്രസ് നേതാക്കൾക്കെതിരായ ആരോപണങ്ങൾ എല്ലാം തന്നെ വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. ഇതോടെ സരിതയെ കൈവിട്ട സി.പി.എം പിന്നീട് അടുത്ത പ്രതിസന്ധി ഘട്ടത്തിലാണ് ഇപ്പോൾ വീണ്ടും കൂട്ടുപിടിക്കുന്നത്. ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച വിധി നടപ്പാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ കടുംപിടുത്തം സി.പി.എമ്മിനെയും സർക്കാരിനെയും പ്രതിരോധത്തിലാക്കിയതോടെ വിശ്വാസികൾക്ക് വേണ്ടി രംഗത്തിറങ്ങിയ കോൺഗ്രസ് നേതാക്കളെ അപഹാസ്യരാക്കാനാണ് വീണ്ടും സരിതയെ രംഗത്തിറക്കിയത്.

മുൻമുഖ്യമന്ത്രിയും കോൺഗ്രസ് പ്രവർത്തകസമിതിയംഗവുമായ ഉമ്മൻ ചാണ്ടി, കെ.സി വേണുഗോപാൽ എന്നിവർക്കെതിരെ സരിത ഉന്നയിച്ച നികൃഷ്ടമായ ആരോപണങ്ങൾ അടിസ്ഥാനമാക്കി അവരിൽ നിന്നും പരാതി എഴുതി വാങ്ങി വീണ്ടും കേസ് എടുപ്പിക്കാനുള്ള പിതൃശൂന്യനടപടിയാണ് സി.പി.എം സജീവമാക്കിയത്. നിരവധി തവണ ഉന്നയിച്ച വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് കേരള സമൂഹത്തിന് മുമ്പിൽ വിശ്വാസ്യത നഷ്ടപ്പെട്ട അവരെ രംഗത്തുകൊണ്ടുവന്നത് സി.പി.എമ്മിന്‍റെ രാഷ്ട്രീയ കുതന്ത്രമായി കേരള സമൂഹം വിലയിരുത്തുമെന്നതിലും തർക്കമില്ല.

‘നവോത്ഥാന വീരവാദ’ങ്ങളിലെ കമ്മ്യൂണിസം ചർച്ചയാകുമ്പോൾ

ശബരിമല സ്ത്രീപ്രവേശന വിധി നടപ്പാക്കുന്നത് നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന്‍റെ ഭാഗമായാണെന്ന വസ്തുതാപരമല്ലാത്ത അധരവ്യായാമത്തിനാണ് സി.പി.എം തുടക്കമിട്ടിട്ടുള്ളത്. കേരളത്തിന്‍റെ നവോത്ഥാനപാരമ്പര്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിന്‍റെ ഭാഗമെന്ന മറപിടിച്ച് സർക്കാരിന്‍റെ വിശ്വാസിവിരുദ്ധ സമീപനം പൊതുസമൂഹത്തിൽ പ്രചരിപ്പിക്കാൻ പൊതുഖജനാവിൽ നിന്നും തുക ചെലവഴിക്കാനുള്ള നീക്കത്തിനും സർക്കാരും സി.പി.എമ്മും ഒരുങ്ങിക്കഴിഞ്ഞു. സംസ്ഥാനത്തൊട്ടാകെ മൂന്നു ദിവസം നീളുന്ന പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്.

ഇതിന്‍റെ ഭാഗമായി ക്ഷേത്രപ്രവേശന വിളംബരത്തിന്‍റെ 82-ാം വാർഷികം വിവിധ പരിപാടികളോടെ നവംബർ 10 മുതൽ 12 വരെ എല്ലാ ജില്ലകളിലും ആഘോഷമാക്കുന്നതിന് പിന്നിലും ശബരിമല വിഷയം കേരളനവോത്ഥാനവുമായി കൂട്ടിക്കെട്ടാനുള്ള ഗൂഡനീക്കത്തിന്‍റെ ഭാഗമാണ്. പാർട്ടിയും സഹസംഘടനകളും സർക്കാരുമെല്ലാം ചേർന്നുള്ള കൂട്ടായ വൻപ്രചാരണ പരിപാടിയാകും വരുംദിവസങ്ങളിൽ നടക്കുക. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കുമ്പോൾ ഓരോ ജില്ലയിലും പരിപാടി സംഘടിപ്പിക്കുന്നതിന്‍റെ ചുമതല മന്ത്രിമാർക്ക് വിഭജിച്ചു നൽകി. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ്, സാംസ്‌കാരിക വകുപ്പ്, പുരാവസ്തു, പുരാരേഖാ വകുപ്പുകളും ചേർന്നാണ് പരിപാടികൾ സംഘടിപ്പിക്കുക. ഇതോടെ ശബരിമല വിധിയിൽ സർക്കാരിന്‍റെ നിലപാട് വിശദീകരിക്കലുകൾക്ക് പൊതുഖജനാവിൽ നിന്നുള്ള പണമാവും ചെലവഴിക്കുക.

1924ൽ നടന്ന വൈക്കം സത്യാഗ്രഹത്തിന്‍റെ അടിസ്ഥാനത്തിൽ ഉയർന്നുവന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി 1936ലാണ് അവർണരെ ക്ഷേരതത്തിനുള്ളിൽ പ്രവേശിപ്പിക്കണമെന്ന ചരിത്രപരമായ തീരുമാനം ഉൾക്കൊള്ളുന്ന ക്ഷേത്രപ്രവേശന വിളംബരം നടത്തിയത്. എന്നാൽ സംസ്ഥാനത്ത് 1937ൽ രൂപം കൊണ്ട സി.പി.ഐക്കും 1964ൽ കണ്ണൂരിലെ പാറപ്പുറത്ത് രൂപം കൊണ്ട സി.പി.എമ്മിനും ഇതിൽ യാതൊരു പങ്കുമില്ലെന്ന യാഥാർഥ്യം നിലനിൽക്കുമ്പോഴാണ് നവോത്ഥാന ചരിത്രത്തിന്‍റെ ഉത്തരവദത്തിത്വമേറ്റെടുക്കുന്ന ലജ്ജാകരമായ നടപടി സി.പി.എം നേതൃത്വത്തിന്‍റെ ഭാഗത്തു നിന്നുമുണ്ടാകുന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിൽ രൂപം കൊള്ളുന്നതിനു മുമ്പ് 1813ൽ അരങ്ങേറിയ ചാന്നാർ ലഹളയെന്ന മാറുമറയ്ക്കൽ സമരത്തിന്‍റെ അവകാശം സ്വന്തമായി പേറുന്ന സി.പി.എമ്മിന്‍റെ ചിത്രപരമായ മണ്ടത്തരവും കേരള സമൂഹത്തിൽ ചർച്ചയായിക്കഴിഞ്ഞു.

പുറത്താവുന്നത് സംഘപരിവാറിന്‍റെ നിഗൂഡ അജണ്ട

ശബരിമല സ്ത്രീപ്രവേശത്തോടനുബന്ധിച്ച് ഉയർന്നുവന്ന പ്രതിഷേധങ്ങളെ ഹൈജാക്ക് ചെയ്യാൻ ശ്രമിച്ച ആർ.എസ്.എസ് – ബി.ജെ.പി കൂട്ടുകെട്ടും മറ്റ് സംഘപരിവാർ തീവ്രഹിന്ദുസംഘടനകളുടെ കൂട്ടായ്മയും അക്രമത്തിന് ആഹ്വാനം നൽകി ശബരിമലയെ കലാപഭൂമിയാക്കുന്നതിൽ പങ്കുവഹിച്ചുവെന്ന വസ്തുതയും പകൽ പോലെ വെളിച്ചം കണ്ടുകഴിഞ്ഞു. സുപ്രീം കോടതി വിധിയെ അതീവസന്തോഷത്തോടെ സ്വാഗതം ചെയ്ത ആർ.എസ്.എസും ബി.ജെ.പിയും വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്ന് തങ്ങൾ മുമ്പ് പ്രഖ്യാപിച്ച നിലപാടുകൾ മാറ്റുകയായിരുന്നു. ബി.ജെ.പി മുഖപത്രമായ ജന്മഭൂമിയിലും ആർ.എസ്.എസ് മുഖപത്രമായ കേസരിയിലും വന്ന ലേഖനങ്ങൾ വിഴുങ്ങിയാണ് അവർ നിലപാട് തിരുത്തി വിശ്വാസികൾക്കൊപ്പമെന്ന വ്യാജേന നിലയുറപ്പിച്ചത്.

വിധി നടപ്പാക്കുകയെന്ന ഇടതുസർക്കാരിന്‍റെ കടുംപിടുത്തം മറയാക്കി തീവ്രവർഗീയത വിശ്വാസികളുടെ ഇടയിൽ കലർത്തി ശബരിമലയിൽ ഏതുവിധേനയും കലാപം സൃഷ്ടിക്കണമെന്ന നീക്കമാണ് ആർ.എസ്.എസ്- ബി.ജെ.പി- സംഘപരിവാറും മറ്റു കക്ഷികളും നടത്തിയിരുന്നതെന്ന വസ്തുത രാഹുൽ ഈശ്വറിന്‍റെ തുറന്നു പറച്ചിലോടെ വ്യക്തമായിക്കഴിഞ്ഞു. വിശ്വാസ സംരക്ഷണത്തിന്‍റെ മറവിൽ ക്രിമിനലുകളെ ശബരിമലയിലും പരിസരപ്രദേശങ്ങളിലും വിന്യസിച്ച് അക്രമമുണ്ടാക്കിയതോടെ പൊലീസും സംയമനം കൈവിട്ടു. അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യുന്നതിന് പകരം വിശ്വാസികളെ ലാത്തിക്കിരയാക്കിയ ആദ്യ പൊലീസ് നടപടിക്കും ശബരിമല പൂങ്കാവനം സാക്ഷ്യം വഹിച്ചു. ശബരിമലയിൽ രക്തമൊഴുക്കി അശുദ്ധമാക്കി അമ്പലം അടച്ചിടുവിക്കുവാനുള്ള ഹീനനീക്കം നടത്തുമായിരുന്നുവെന്ന രാഹുൽ ഈശ്വറിന്‍റെ തുറന്നു പറച്ചിലും ഇതിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്.

കേരളത്തിൽ ബി.ജെ.പിക്ക് വേരുറപ്പിക്കാൻ ശബരിമലയിൽ കലാപം സൃഷ്ടിക്കണമെന്ന തരത്തിലുള്ള ഗൂഡാലോചനകൾ നടന്നിട്ടുണ്ടോയെന്ന കാര്യത്തിലും സർക്കാർ അന്വേഷണം നടത്താൻ താൽപര്യം കാട്ടുന്നില്ല. വരുന്ന തെരെഞ്ഞെടുപ്പിൽ വിശ്വാസികളുടെ പ്രതിഷേധം മറയാക്കി തങ്ങൾക്ക് വോട്ട് നേടണമെന്ന നിഗൂഡ അജണ്ടയും ബി.ജെ.പിക്കും ആർ.എസ്.എസിനുമുണ്ടെന്ന ആരോപണവും ശക്തമായി നിലനിൽക്കുകയാണ്. സി.പി.എമ്മും ബി.ജെ.പിയും നടത്തുന്ന കണ്ണൂർ മോഡൽ രാഷ്ട്രീയം ശബരിമലയിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കമായും ഇത് വ്യാഖ്യാനിക്കപ്പെടുന്നു. കേരളത്തിലെ മതസൗഹാർദവും സമാധാന അന്തരീക്ഷവും തകർക്കാനുള്ള പദ്ധതി നടപ്പിൽ വരുത്തുകയെന്ന സംഘപരിവാർ – ബി.ജെ.പി തന്ത്രം ശബരിമലയിൽ ലക്ഷ്യത്തിലെത്തിക്കാനായിരുന്നു വിശ്വാസികളുടെ ഇടയിൽ നുഴഞ്ഞുകയറിയ സംഘപരിവാർ പ്രവർത്തകരുടെ ശ്രമമെന്നും കരുതപ്പെടുന്നു.