
ശബരിമല സ്വര്‍ണ്ണകൊള്ളയില്‍ നിര്‍ണായക വഴിത്തിരിവ്. ഡി. മണിയെ കണ്ടെത്തി പ്രത്യേക അന്വേഷണ സംഘം. ഡിണ്ടിഗല്‍ സ്വദേശിയായ ബാലമുരുകനാണ് ഡി. മണിയെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. ഇയാളുടെ സഹായിയായ വിരുത് നഗര്‍ സ്വദേശി ശ്രീകൃഷ്ണനേയും തിരിച്ചറിഞ്ഞു.
ബാലമുരുകനെ പ്രത്യേക അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്തേക്കും. ഇവര്‍ക്ക് ഉണ്ണികൃഷ്ണന് പോറ്റിയും ഗോവര്ദ്ധനനുമായി ബന്ധമുണ്ടോയെന്ന് എസ്ഐടി അന്വേഷിക്കുകയാണ്. നേരത്തെ രമേശ് ചെന്നിത്തല സൂചിപ്പിച്ചിരുന്ന പ്രവാസി വ്യവസായിയുടെ മൊഴിയാണ് ഡി. മണി എന്ന ബാലമുരുകനിലേക്ക് എത്താന്‍ പൊലീസിനെ സഹായിച്ചത്.
കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഉണ്ണികൃഷ്ണന് പോറ്റിയെ ഇന്ന് ജയിലില്‍ വെച്ച് അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും. ബാലമുരുകന്റെയും ശ്രീകൃഷ്ണന്റെയും അറസ്റ്റ് രേഖപ്പെടുത്തിയാല്‍ ഉടന്‍ തന്നെ ഇവരെ സ്വര്‍ണ്ണം കൈമാറിയ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പൊലീസിന്റെ തീരുമാനം. ശബരിമലയിലെ സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട കൂടുതല്‍ ദുരൂഹതകള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് സൂചന.