
ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയ്ക്കകത്തും പുറത്തും പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്. സ്വര്‍ണ്ണക്കൊള്ളയ്ക്ക് പുറമെ പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിഷയവും ഉയര്‍ത്തിക്കാട്ടി സഭയെ ഇന്നും പ്രക്ഷുബ്ധമാക്കാനാണ് പ്രതിപക്ഷ നീക്കം. അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മേല്‍ സര്‍ക്കാര്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന ഗുരുതരമായ ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലേക്കും ജില്ലാ കളക്ടറേറ്റുകളിലേക്കും കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി മാര്‍ച്ചുകള്‍ സംഘടിപ്പിക്കും.
നിയമസഭയ്ക്കുള്ളിലും പ്രതിഷേധം ശക്തമായ രീതിയിലാണ് മുന്നോട്ട് പോകുന്നത്. ഇതിന്റെ ഭാഗമായി യുഡിഎഫ് എംഎല്‍എമാരായ നജീബ് കാന്തപുരവും സി.ആര്‍. മഹേഷും സഭാ കവാടത്തില്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. സഭയിലെ ചോദ്യോത്തരവേളയുമായി സഹകരിക്കുമെങ്കിലും സഭാ കവാടത്തിലെ സമരം ശക്തമായി തുടരുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരിനെതിരെയുള്ള ഈ ഇരട്ടപ്രഹരം സഭാ നടപടികളെ ഇന്നും തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ട്.
പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് സഭയില്‍ അടിയന്തര പ്രമേയമായി കൊണ്ടുവരാനാണ് പ്രതിപക്ഷ തീരുമാനം. സജീവ് ജോസഫ് എംഎല്‍എയാണ് ഈ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. നിലവില്‍ ചോദ്യോത്തരവേള പുരോഗമിക്കുന്നുണ്ടെങ്കിലും, സ്വര്‍ണ്ണക്കൊള്ളയിലും ഫണ്ട് തട്ടിപ്പിലും സര്‍ക്കാരില്‍ നിന്ന് വ്യക്തമായ മറുപടി ലഭിക്കണമെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷം.