ശബരിമല സ്വര്‍ണ്ണക്കൊള്ള: അന്വേഷണം അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു; സിബിഐ അന്വേഷണം വേണമെന്ന് ആവര്‍ത്തിച്ച് രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, December 25, 2025

 

ശബരിമല സ്വര്‍ണ്ണക്കൊള്ള അട്ടിമറിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെടുന്നുവെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. സ്വര്‍ണ്ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട അന്വേഷണം നിലവില്‍ വഴിമുട്ടിയിരിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ഇടപെടല്‍ മൂലമാണ് അന്വേഷണം മുന്നോട്ട് പോകാത്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമലയിലെ യഥാര്‍ത്ഥ തൊണ്ടിമുതല്‍ എവിടെയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ‘മുഖ്യമന്ത്രി പരസ്യമായി കളവ് പറയുകയാണ്. കനത്ത സുരക്ഷാ വലയത്തില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ ചെവിയില്‍ പോറ്റിക്ക് എങ്ങനെ സംസാരിക്കാന്‍ കഴിഞ്ഞു? ജയിലില്‍ പോയവരെല്ലാം സിപിഎം പ്രവര്‍ത്തകരാണ്. അതുകൊണ്ടാണ് എ. പത്മകുമാറിനും വാസുവിനുമെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഭയപ്പെടുന്നത്,’ അദ്ദേഹം ആരോപിച്ചു.  കോടതി മേല്‍നോട്ടത്തിലുള്ള സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ യുഡിഎഫ് ഉറച്ചുനില്‍ക്കുകയാണെന്നും ശബരിമലയ്‌ക്കൊപ്പം പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ കടത്താനുള്ള നീക്കവും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സോണിയ ഗാന്ധിയുടെ അടുത്തേക്ക് പോറ്റിയെ കൊണ്ടുപോയവര്‍ക്ക് അതിന്റെ ഉത്തരവാദിത്തമുണ്ടെന്നും, അവര്‍ക്കത് പോറ്റിയാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല വിഷയം സര്‍ക്കാരിനെ ബാധിച്ചില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച ചെന്നിത്തല, അങ്ങനെയെങ്കില്‍ തെറ്റ് പറ്റിയത് ജനങ്ങള്‍ക്കാകുമല്ലോ എന്നും ചോദിച്ചു.

പാലക്കാട് കരോള്‍ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തെ അദ്ദേഹം ശക്തമായി അപലപിച്ചു. അക്രമികള്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കണം. സര്‍വകലാശാല വിസി നിയമനത്തില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും അപ്പം പങ്കിട്ടെടുക്കുകയാണെന്നും, ഇതിനെതിരെ സമരം ചെയ്തവരെ സര്‍ക്കാര്‍ അപമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയും സിപിഎമ്മും തമ്മിലുള്ള അന്തര്‍ധാര ഇപ്പോള്‍ സജീവമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

കൊച്ചി മേയര്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം ഇന്നത്തോടെ തീരും. കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയായതിനാല്‍ രണ്ടോ മൂന്നോ പേര്‍ക്ക് ആഗ്രഹമുണ്ടാകുന്നത് സ്വാഭാവികമാണ്. കൂടുതല്‍ കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി